ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന ഭൂരിപക്ഷ സമുദായങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി ഭാരത് ധര്‍മ ജന സേന (ബിഡിജെഎസ്) ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകും. ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് സ്ഥാപക നേതാവുമായ വെളളാപ്പളളി നടേശനാണ് ഇക്കാര്യം അറിയിച്ചത്.
നാളെ ബിജെപി ദേശീയ ആസ്ഥാനത്ത് സഖ്യത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം നടക്കും. സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി നടക്കും. എന്‍ഡിഎ സഖ്യത്തിന് മാത്രമേ കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ കഴിയൂവെന്ന് വെളളാപ്പളളി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനോ മകന്‍ തുഷാര്‍ വെളളാപ്പള്ളിയോ മത്സരിക്കില്ലെന്നാണ് നിലവിലെ നിലപാട്. എന്നാല്‍ ജനാധിപത്യ രീതിയില്‍ സംസ്ഥാന കമ്മറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെക്കൂടാതെ തുഷാര്‍ വെളളാപ്പള്ളി, രാജീവ് ചന്ദ്രശേഖര്‍ എംപി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.