NewsSportsSpecial

ക്രിക്കറ്റിൽ വീണ്ടും കരീബിയൻ വസന്തം

വായുജിത് 

1983 ലെ ലോകകപ്പ് ഫൈനൽ . ക്രിക്കറ്റ് ലോകത്തിലെ മുടിചൂടാ മന്നന്മാർ കപിലിന്റെ ചെകുത്താന്മാരുടെ മുന്നിൽ പകച്ചു പോയ ദിനം . മൊഹീന്ദർ അമർനാഥിന്റെ സ്ലോ മീഡിയം പേസിനു മുന്നിൽ മൈക്കൽ ഹോൾഡിംഗ് കുടുങ്ങിയപ്പോൾ പുതിയ താര രാജാക്കന്മാർ ഉദയം ചെയ്യുകയായിരുന്നു . ഒപ്പം കരീബിയൻ വന്യതയുടെ പടിയിറക്കവും .

മൈക്കൽ ഹോൾഡിംഗ് , ആൻഡി റോബർട്ട്സ് , ജോയൽ ഗാർനർ , മാൽക്കം മാർഷൽ ലോകത്തെ ഏതൊരു ബാറ്റ്സ്മാനും പേടിയോടെ ഓർക്കുന്ന ശക്തമായ ബൗളിംഗ് നിര. ഡെസ്മണ്ട് ഹെയ്ൻസിന്റെയും ഗോർഡൻ ഗ്രീനിഡ്ജിന്റെയും വിഖ്യാത ഓപ്പണിംഗ് ജോഡി . വന്യമായ കരുത്തുമായി റിച്ചാർഡ്സ്, സ്ഥിരതയുടെ പര്യായമായി ക്ളൈവ് ലോയ്ഡ് , വിക്കറ്റിനു പിന്നിൽ ജെഫ് ഡുജോൺ . അജയ്യമായ കരീബിയൻ കരുത്ത് അന്ന് ഇന്ത്യൻ ഉൾക്കരുത്തിനു മുന്നിൽ തോൽവി രുചിക്കുകയായിരുന്നു.

ഒരർത്ഥത്തിൽ വെസ്റ്റിൻഡീസിന്റെ പടിയിറക്കം അവിടെത്തുടങ്ങുകയായി . പിന്നീടെപ്പോഴോ റിച്ചി റിച്ചാർഡ്സണെന്ന താരം ഉയർന്നു വന്നു . അതിനു ശേഷം ക്രിക്കറ്റിന്റെ സൗന്ദര്യം മുഴുവൻ ബാറ്റിംഗിലാവാഹിച്ച ബ്രയാൻ ചാൾസ് ലാറയെന്ന രാജകുമാരൻ വെസ്റ്റിൻഡീസിനെ ഒറ്റയ്ക്ക് തന്നെ നെഞ്ചേറ്റി . ബൗളിംഗ് മഹാരഥന്മാരെ പിന്തുടർന്ന് ഒരു കോട്നി വാൽഷ് , ഒരു കേട് ലി അംബ്രോസ് , പിന്നെ പാട്രിക് പാറ്റേഴ്സൺ , ബാറ്റിംഗിൽ കാൾ ഹൂപ്പർ , ശിവ്നാരായൺ ചന്ദർ പാൽ .. എങ്കിലും വലിയ നേട്ടങ്ങൾ വിൻഡീസിൽ നിന്നകന്നു തന്നെ നിന്നു.

ക്രിക്കറ്റിന്റെ ലഹരിയിൽ കഴിഞ്ഞ പൂർവ്വികരെ മറന്ന് ജമൈക്കയും ട്രിനിഡാഡ് ടുബാഗോയും ബാർബോഡാസും ഗയാനയും സെന്റ് ലൂസിയയുമൊക്കെ ബേസ് ബാളിന്റെയും എൻ ബി എ യുടേയും പിന്നാലെ പാഞ്ഞപ്പോൾ കരീബിയൻ ക്രിക്കറ്റിൽ വസന്തം അകന്നു തന്നെ നിന്നു. ഇടയ്ക്കൊരു ട്വെന്റി ട്വെന്റി ലോകകപ്പ് വിജയം . അതിനിടയിൽ ബോർഡുമായുള്ള പടലപ്പിണക്കങ്ങൾ . മക്കളെയെല്ലാം ക്രിക്കറ്റ് കളിക്കാരാക്കണമെന്ന സ്വപ്നം താലോലിക്കുന്ന അമ്മമാരുടെ വംശം കുറ്റിയറ്റുവോ എന്ന് കളിക്കമ്പക്കാർ സംശയങ്ങളുയർത്തി.

അങ്ങനെ മറക്കാനാകുമോ കരീബിയയ്ക്ക് ക്രിക്കറ്റിനെ ? ആരവങ്ങളുയരുന്ന മൈതാനത്തിനും ഗാലറികൾ കടക്കുന്ന തുകൽപ്പന്തിനും വായുവിൽ അർദ്ധവൃത്തം വരയ്ക്കുന്ന ഇംഗ്ളീഷ് വില്ലോയ്ക്കും പുറം തിരിഞ്ഞു നിൽക്കാൻ അവർക്ക് കഴിയില്ലല്ലോ . കുട്ടിക്രിക്കറ്റിന്റെ ഇരു വിഭാഗങ്ങളിലും കിരീടം നേടിയാണ് വിൻഡീസ് അത് തെളിയിച്ചിരിക്കുന്നത് . 1983 ൽ ഇന്ത്യൻ ഉൾക്കരുത്തിൽ ലോർഡ്സിൽ പൊലിഞ്ഞത് അവർ ഈഡൻ ഗാർഡൻസിൽ നേടിയിരിക്കുന്നു . കറുപ്പിന്റെ കരുത്ത് വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ …

എന്തായാലും ക്രിസ്ഗെയ് ലും മർലൺ സാമുവൽസും ഡാരൻ സമിയും ഫൈനലിലെ താരമായ ബ്രാത്ത് വെറ്റും കിരീടം നേടിയ പെൺപുലികളും എല്ലാം മുന്നോട്ടു വയ്ക്കുന്നത് ഒരേ മന്ത്രമാണ് ..ക്രിക്കറ്റിന് വിൻഡീസ് അന്യമല്ല . വിൻഡീസിന് ക്രിക്കറ്റും

ഊഷരമായ രണ്ട് വ്യാഴ വട്ടങ്ങൾക്ക് ശേഷം കളിയെഴുത്തുകാർ പുതിയ വിധി എഴുതുന്നതിന്റെ തിരക്കിലാണ് ..

അതെ .. ക്രിക്കറ്റിൽ വീണ്ടും കരീബിയൻ വസന്തം …

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close