NewsIcons

കെ ജി മാരാർ : രാഷ്ട്രീയത്തിലെ സ്നേഹസാഗരം

കെ ജി മാരാരോടൊപ്പം പ്രവർത്തിച്ചിട്ടുളള   മുൻ കാസർഗോഡ് ജില്ലാ സെക്രട്ടറി തൃക്കരിപ്പൂരിലെ കെ വി ലക്ഷ്മണൻ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം എന്ന പുസ്തകത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിങ്ങനെ.

” ജനസംഘം സംസ്ഥാന സംഘടനാ കാര്യദർശിയായി പരമേശ്വര്‍ജി പ്രവര്‍ത്തിക്കുന്ന കാലഘട്ടം. കണ്ണൂര്‍ ടൗണില്‍ അദ്ദേഹത്തിന്റെ പര്യടനത്തോടനുബന്ധിച്ച്‌ കണ്‍വെന്‍ഷനും പൊതുയോഗവും നടക്കുന്നു. പ്രധാന പ്രവര്‍ത്തകര്‍ തലേന്നാള്‍ തന്നെ എത്തിച്ചേരണം എന്ന നിര്‍ദ്ദേശമനുസരിച്ച്‌ ഞങ്ങള്‍ തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട്ടെയും ചില പ്രവര്‍ത്തകര്‍ രാത്രി ഒമ്പതുമണിക്ക്‌ കണ്ണൂര്‍ കാര്യാലയത്തില്‍ എത്തി. ഓഫീസില്‍ ആരുമില്ല. മേശപ്പുറത്തെ കുറിമാന പുസ്തകത്തില്‍ നിര്‍ദ്ദേശം. ഭക്ഷണം കഴിഞ്ഞ്‌?ഓഫീസില്‍ വിശ്രമിക്കാം.

സുഖനിദ്രയിലായിരുന്ന ഞങ്ങളെ രാത്രി രണ്ടുമണി കഴിഞ്ഞപ്പോള്‍ ചിലര്‍ വിളിച്ചുണര്‍ത്തി. എഴുന്നേറ്റു നോക്കിയപ്പോള്‍ കൈയില്‍ ഇരുമ്പുപാരയും പശപ്പാട്ടയും തൂക്കി വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന കെ.ജി.മാരാരെയാണ് കണ്ടത്‌. പിറ്റേന്നത്തെ പൊതുയോഗത്തിന്‌ കൊടികുത്താന്‍ പോയതായിരുന്നു. മറ്റാരുമുണ്ടായിരുന്നില്ലേ എന്നന്വേഷിച്ചപ്പോള്‍ പെട്ടെന്നു പ്രതികരണമുണ്ടായി. ആടുകയും അണിയറ കാക്കുകയും ചെയ്യേണ്ട സമയമാണിപ്പോള്‍. കുറേ കഴിഞ്ഞാല്‍ ഈ അവസ്ഥ മാറും, മാറ്റണം”

ബിജെപിയെ കേരളത്തിലെ മുൻ നിര പാർട്ടിയാക്കി വളർത്തിയതിനു പിന്നിൽ കെ ഗോവിന്ദമാരാർ എന്ന കെ ജി മാരാരുടെ അരങ്ങത്താടിയും ഒപ്പം അണിയറ കാത്തുമുള്ള അശ്രാന്ത പരിശ്രമമുണ്ട് . സൗമ്യവും എന്നാൽ കുറിക്കു കൊള്ളുന്നതുമായ പ്രസംഗങ്ങളുമായി മാരാർജി ചുവരെഴുതിയും കൊടി കെട്ടിയും കേരളത്തിലെല്ലായിടത്തുമെത്തി. മാരാർജിയുടെ ചില ഉദ്ധരണികൾ ഇന്നും കേൾക്കുന്നവരിൽ ചിരിയുണർത്തുന്നതാണ് .

ഒരിക്കൽ അദ്ദേഹം പ്രസംഗ മദ്ധ്യേ പറഞ്ഞതിങ്ങനെ “ഞാൻ രണ്ടു പള്ളികൾക്കും എതിരാണ് ” എല്ലാവരും സ്തബ്ധരായി ഇരിക്കുമ്പോൾ ചെറിയൊരു നിർത്തിനു ശേഷം മാരാർ പ്രഖ്യാപിച്ചു . “അത് കടന്നപ്പള്ളിയും മുല്ലപ്പള്ളിയുമാണ് “

വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ്‌ ഗോവിന്ദനെന്ന കെ.ജി.മാരാര്‍ പിറന്നത്‌. ഭക്തർ കുറവായ ഒരമ്പലത്തിലെ കഴകത്തിന്‌ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസം വരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന്‌ യുവാക്കള്‍ക്ക്‌ വഴിതെളിക്കാന്‍ ഉപയോഗിച്ചു.

മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തിദുർഗമായിരുന്ന കണ്ണൂരിൽ സംഘ ആദർശം പ്രചരിപ്പിക്കുന്നതിൽ കെ ജി മാരാർ വഹിച്ച പങ്ക് നിസ്തുലമാണ് . പറശ്ശിനിക്കടവ് സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം ജന സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു .സാമ്പത്തിക ക്ലേശങ്ങളുടെ കാലഘട്ടത്തിൽ തീർത്തും സാഹസികമായ ഒരു തീരുമാനമായിരുന്നു അത് . കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് സൗമ്യവും എന്നാൽ സുദൃഢവുമായ പ്രവർത്തന ശൈലിയുമായി കടന്നുചെന്ന അദ്ദേഹത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് സംഘടനയുടെ വളർച്ച ദ്രുതഗതിയിലാക്കി .പിന്നീട് പ്രവർത്തനം സംസ്ഥാന വ്യാപകമായപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല

1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബിജെപി അത്ര വലിയ ശക്തിയല്ലാതിരുന്ന 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് തുച്ഛമായ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത് . കെ ജി മാരാർ എന്ന സർഗധനനായ രാഷ്ട്രീയക്കാരന്റെ ജനപിന്തുണ അത്രയ്ക്ക് വലുതായിരുന്നു .

എം എൽ എ യോ മന്ത്രിയോ ഒന്നുമായില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഇടം പിടിച്ചു . രാജനൈതിക രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കേണ്ട വ്യക്തിയാണ് മാരാരെന്ന് എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട് . എന്നാൽ അതിനു വേണ്ടി താൻ കടന്നു വന്ന വീഥികളിൽ വ്യതിചലനം ഉണ്ടാക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല 1995 ഏപ്രിൽ 25 ന് അന്തരിക്കുമ്പോൾ കെ ജി മാരാരെന്ന ആദർശ ധീരന്റെ പേരിൽ ഒരു തുണ്ട് ഭൂമിയോ , തുച്ഛമായ ബാങ്ക് ബാലൻസോ പോലുമുണ്ടായിരുന്നില്ല . രാഷ്ട്രീയം ജനസേവനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ത്യാഗധനനായ അവധൂതന്റെ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത് .

കെ ജി മാരാരെന്ന രാഷ്ട്രീയത്തിലെ സ്നേഹസാഗരം വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തൊന്ന്   വർഷം തികയുകയാണ് . ആദർശ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായിരുന്ന മാരാർജിക്ക് ജനം ടിവിയുടെ പ്രണാമങ്ങൾ

11 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close