NewsColumns

പിണറായി ഭരിക്കുമ്പൊഴും ഇവിടെ മനുഷ്യർക്കു ജീവിക്കണം

കാളിദാസ്     

കൊടുവാൾ രാഷ്ട്രീയത്തിന്റെ നൂറു ദിവസങ്ങളാണ് കേരളത്തിൽ കടന്നു പോയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ജയിച്ചതു മുതലല്ല, സി.പി.എമ്മിന്റെ കക്ഷിനില ഉയരുന്ന സൂചനകൾ കണ്ടു തുടങ്ങിയതു മുതൽ കേരളം കാണുന്നത് അക്രമരാഷ്ട്രീയത്തിന്റെ പരമ്പരകൾ തന്നെയാണ്. മാർക്സിസ്റ്റുകളല്ലാത്ത സർവ്വരെയും കൊന്നു തള്ളുക എന്ന സി.പി.എമ്മിന്റെ ഉന്മൂലനസിദ്ധാന്തത്തിന്, നേതാക്കളായവർ പരസ്യമായ ആഹ്വാനം വരെ നൽകുന്ന കാഴ്ച്ചകൾക്കാണ് പ്രബുദ്ധ കേരളം സാക്ഷ്യം വഹിച്ചത്. അതിൽ ഏറ്റവും അവസാനത്തെ തെളിവാണ്, ഭരണകൂടത്തിന്റെ മൂക്കിനു താഴെ ഭാരതീയജനതാപാർട്ടിയുടെ സംസ്ഥാനകാര്യാലയത്തിനു നേരേ ഇന്നലെയുണ്ടായ ബോംബാക്രമണം.

നൂറുദിവസങ്ങൾ കൊണ്ട് ഒരു സർക്കാരിനെ വിലയിരുത്താനാവില്ലെന്ന മുൻകൂർ ജാമ്യത്തോടെയാണ് കിരാതഭരണത്തിന്റെ നൂറാം ദിവസം പിണറായിവിജയൻ മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചത്. പാഴായിപ്പോയ നൂറു ദിനങ്ങളെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ അപകർഷത തന്നെയാണ് ഈ മുൻകൂർ ജാമ്യത്തിന്റെ മനഃശ്ശാസ്ത്രവശം.

അധികാരമേറ്റതു മുതൽ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തും, കൊലപാതകങ്ങൾക്കു നേതൃത്വം വഹിച്ചും പഴയ നാസി ഭരണകാലത്തിന്റെ തനിയാവർത്തനം നടത്തുന്ന സി.പി.എം നേതാക്കളാവട്ടെ, അബദ്ധജടിലങ്ങളും, ജനാധിപത്യവിരുദ്ധവുമായ നടപടികളും, പ്രസ്താവനകളും മാത്രം നടത്തി, ഒരു വശത്ത് മതപ്രീണനവും, മറുവശത്ത് മതധ്വംസനവും നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തിൽ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നതും നാം കണ്ടു. നവമാദ്ധ്യമങ്ങളിൽ പോലും ഗുരുതരമായ വെല്ലുവിളിയും, കൊല്ലുമെന്നു ഭീഷണിയുമുയർത്തി സഖാക്കൾ ഭരണഘടനയെയും, പരിപാവനമായ ജനാധിപത്യസങ്കൽപ്പത്തെയും വെല്ലുവിളിക്കുന്നു.

ദൈവമില്ലാത്ത, മതമില്ലാത്ത സി.പി.എം മുഖ്യമന്ത്രിയുടെ ആരാദ്ധ്യപുരുഷൻ സ്റ്റാലിനോ, ഹിറ്റ്‌ലറോ എന്ന് സംശയിക്കാതിരിക്കാൻ ന്യായങ്ങളെന്തുണ്ട്? പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള ജനങ്ങളെ കിരാതമായ രീതിയിൽ വേട്ടയാടുന്ന ഭീകരഭരണം, “എല്ലാത്തിനേം ശരിയാക്കും” എന്നു തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ “എല്ലാം ശരിയാകും” എന്ന വാചകം കൊണ്ട് പാർട്ടി ലക്ഷ്യം വച്ചതെന്ന പരിഹാസം പരമസത്യമായിരുന്നുവെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുകയാണ്.

നൂറു ദിവസങ്ങൾക്കുള്ളിൽ 62 കൊലപാതകങ്ങൾ എന്ന റെക്കോർഡ് നേട്ടമാണ് അക്ഷരാർത്ഥത്തിൽ സി.പി.എമ്മിന് അവകാശപ്പെടാൻ കഴിയുക. ഇത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടും, കെടുകാര്യസ്ഥതയുമല്ലാതെ മറ്റെന്താണ് വിളിച്ചു പറയുന്നത്? ഉത്തർപ്രദേശിലേയ്ക്കും, ഗുജറാത്തിലേയ്ക്കും, ആസാമിലേയ്ക്കും നോക്കിയിരിക്കുന്ന ഇവിടുത്തെ ഇടതു ബുദ്ധിജീവികൾക്കാവട്ടെ നാട്ടിൽ അരങ്ങു തകർക്കുന്ന സി.പി.എം അക്രമകാരികളുടെ ഈ ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് അക്ഷരം സംസാരിക്കാനില്ല. അനുദിനമെന്ന വണ്ണം സംസ്ഥാനത്ത് വേരുറപ്പിക്കുന്ന ഐ.എസ് അടക്കമുള്ള തീവ്രവാദികളുടെ വളർച്ചയേക്കുറിച്ച് ചിന്തയില്ല. കൊഴിഞ്ഞു വീഴുന്ന മനുഷ്യജീവനുകളേക്കുറിച്ചോ, അനാഥമാക്കപ്പെടുന്ന ജീവിതങ്ങളേക്കുറിച്ചോ, അരക്ഷിതമാകുന്ന സമൂഹത്തേക്കുറിച്ചോ അനുതാപമോ, പരിതാപമോ ഇല്ല. അവർക്കിപ്പൊഴും ശബരിമലയിൽ സ്ത്രീകൾ കയറാത്തതും, കശ്മീർ പാകിസ്ഥാനു വിട്ടു നൽകാത്തതും തുടങ്ങിയ ആഗോള പ്രശ്നങ്ങളിലാണ് ശ്രദ്ധ.

പിണറായിവിജയൻ ഭരണത്തിന്റെ ആദ്യ ദിനങ്ങളിലാണ്, ജനാധിപത്യമൂല്യങ്ങളെയും, ദളിത് സംരക്ഷണ നിയമത്തിന്റെ ലിഖിതമായ മാനദണ്ഡങ്ങളെയും, അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതി മുന്നോട്ടു വച്ചിട്ടുള്ള മാനദണ്ഡങ്ങളെപ്പോലും കാറ്റിൽപ്പറത്തി അന്യായമായി രണ്ടു ദളിത് യുവതികളെ കൈക്കുഞ്ഞുമായി തുറുങ്കിലടച്ചത്. അതേ സി.പി.എമ്മുകാർ തന്നെ ദളിത് ശാക്തീകരണത്തിനായി കവിത പാടുമ്പോൾ ചെകുത്താൻ വേദോപദേശം നൽകുന്നതല്ലാതെ മറ്റെന്താണ് നമുക്കോർമ്മ വരിക?

ഭരണസിരാകേന്ദ്രത്തിനു തൊട്ടടുത്ത് ഇന്നലെ ബി.ജെ.പി ആസ്ഥാനത്തിനു നേരേയുണ്ടായ ബോംബാക്രമണം കേവലം നിസ്സാരമായി കാണാനാവില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനകാര്യാലയമാണിത്. ഇത് മുതിർന്ന ബി.ജെ.പി നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നതിൽ സംശയിക്കേണ്ട കാര്യമില്ല. മാത്രവുമല്ല ഈ വരുന്ന ഇരുപത്തിമൂന്നാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിയ്ക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ച് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള വ്യക്തമായ ഗൂഢാലോചനയോടെയുള്ള ആക്രമണമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ കുട്ടികൾക്കു പോലും സി.പി.എമ്മിന്റെ കൊലക്കത്തിയിൽ നിന്നും രക്ഷയില്ലാതായിരിക്കുന്നു എന്നത് ജനാധിപത്യവിശ്വാസികളിൽ വല്ലാത്ത ഭീതിയാണ് നിറയ്ക്കുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയെയും, ഭരണനി‌വ്വഹണത്തിലും, വികസനത്തിലുമുള്ള കഴിവുകേടിനെയും അക്രമം കൊണ്ട് മൂടി വയ്ക്കാനും ശ്രദ്ധ തിരിക്കാനും പിണറായി വിജയനും, കോടിയേരിയും ശ്രമിക്കരുത്. പിണറായി വിജയൻ ഭരിക്കുമ്പൊഴും ഇവിടെ മനുഷ്യർക്കു ജീവിക്കണം. ജീവിച്ചിരിക്കാനും, സമാധാനമായിരിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിയ്ക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോവുകയാണ് അന്തസ്സെന്ന് കേരളത്തിലെ ജനങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഓർമ്മിപ്പിയ്ക്കുന്ന കാലം വിദൂരമല്ല.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close