ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ സര്‍ക്കാര്‍ പാര്‍പ്പിട പദ്ധതിയുടെ മറവില്‍ ഗുണഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം തട്ടിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബ്രഹ്‌മാനന്ദ ചക്രവര്‍ത്തി എന്ന പ്രാദേശിക നേതാവിനെയാണ് പോലീസ് പിടികൂടിയത്. ഹൗറ ജില്ലയിലെ ഉദയനാരായണ്‍പൂര്‍ ബില്‍സാപുര്‍ പ്രദേശത്തുള്ള ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഭവന നിര്‍മ്മാണ ഫണ്ടില്‍ നിന്നും ഇയാള്‍ കമ്മിഷന്‍ ഇനത്തില്‍ വന്‍ തുക കൈക്കലാക്കുന്നു എന്ന് കാണിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രദേശവാസികളുടെ ഔദ്യോഗിക പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. പോലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ ബ്രഹ്‌മാനന്ദ ചക്രവര്‍ത്തി പിടിയിലാകാതിരിക്കാന്‍ തന്ത്രപരമായ ഒരു നീക്കം നടത്തി. സ്വന്തം വീടിന് സമീപത്തുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണില്‍ അതിക്രമിച്ചു കയറിയ ഇയാള്‍, അവിടെ സൂക്ഷിച്ചിരുന്ന സാരികളുടെ കൂട്ടത്തിനിടയിലാണ് ഒളിച്ചിരുന്നത്.
എന്നാല്‍ ഗോഡൗണില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിന് ഇവിടുത്തെ സാരിക്കൂമ്പാരത്തില്‍ സംശയം തോന്നുകയും, തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നേതാവിനെ പൊക്കിയെടുക്കുകയുമായിരുന്നു. സാരികള്‍ക്കിടയില്‍ നിന്നും നേതാവിനെ പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
സമാനമായ രീതിയില്‍ മുന്‍പ് കൂച്ച് ബിഹാറിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷാഹിദുല്‍ മിയായെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ച നിലയില്‍ പോലീസ് പിടികൂടിയ സംഭവവും ഈ ദൃശ്യങ്ങള്‍ക്കൊപ്പം നെറ്റിസണ്‍സ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.















