ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ഉജ്ജ്വല വിജയം. പ്രധാന സീറ്റുകളായ നാലെണ്ണത്തില്‍ മൂന്നെണ്ണവും എബിവിപി വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപി നേടിയത്.
എബിവിപിയുടെ അമിത് തന്‍വാര്‍ ആണ് യൂണിയന് പ്രസിഡന്റ്. പ്രിയങ്ക ഛാബ്രി വൈസ് പ്രസിഡന്റായും അങ്കിത് സംഗ്്വാന് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്യുവിന് വേണ്ടി മത്സരിച്ച മോഹിത് സംഗ്വാന് ആണ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വന്‍മാര്‍ജിനിലാണ് എബിവിപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. അമിത് തന്‍വാറിന് മാത്രം 4290 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉളളത്. ഫലമറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനകത്തും പുറത്തും ആഹ്ലാദ പ്രകടനം നടത്തി.
ദേശീയ രാഷ്ട്രീയത്തിലെ സംഭവങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. അതുകൊണ്ടു തന്നെ ഈ വിജയം ഇരട്ടി ആഹ്ലാദം പകരുന്നതായി എബിവിപി നേതാക്കള്‍ പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ചാത്ര യുവ സംഘര്‍ഷ് സമിതിയുടെ സാന്നിദ്ധ്യവും സര്‍വ്വകലാശാലയില്‍ ഉണ്ടെങ്കിലും ഇവര്‍ ഇക്കുറി മത്സരിച്ചില്ല.