ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ വീണ്ടും നിലവില്‍ വരും. കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ആണ് ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്കുളളില്‍ പുതിയ രീതിയിലും രൂപകല്‍പ്പനയിലും നോട്ടുകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിറത്തിലും നീളത്തിലും വീതിയിലും ഉള്‍പ്പെടെ മാറ്റങ്ങളുമായിട്ടാകും പുതിയ 1000 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. ഇതിനുളള ഒരുക്കങ്ങള്‍ ആര്‍ബിഐ തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം. 2000 രൂപ നിലവില്‍ വന്നതോടെ 500 രൂപ കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുളള കറന്‍സി നോട്ട് ഇതായിരുന്നു. വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ സുഗമമായ ഇടപാടുകള്‍ക്ക് ഇത് തടസം സൃഷ്ടിക്കുെമന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മറ്റ് ചെറുകറന്സി നോട്ടുകള്‍ക്കും മാറ്റമുണ്ടാകുമെന്ന സൂചനയും ശക്തികാന്ത ദാസ് നല്കി. എല്ലാ കറന്‍സി നോട്ടുകളുടെയും രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി പുതിയ നോട്ടുകള്‍ പുറത്തിറക്കാനാണ് നീക്കം. എന്നാല്‍ 100 രൂപയ്ക്കും അതില്‍ താഴെയുളള നോട്ടുകള്‍ക്കും നിലവില്‍ സാധുതയുണ്ടെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.
കളളപ്പണവും വ്യാജകറന്‍സിയും തടയുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. ഇതിന് പകരമാണ് പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ഈ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയിരുന്നു.