കൊച്ചി : വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അംഗം സക്കീര്‍ ഹുസൈനെതിരായ പരാതിയില്‍ എളമരം കമ്മീഷന് അന്വേഷണം ആരംഭിച്ചു. സക്കീര്‍ ഹുസൈന് ഏരിയാ സെക്രട്ടറിയായിരുന്ന കളമശേരി ഏരിയാ കമ്മറ്റി അംഗങ്ങളില്‍നിന്നാണ് കമ്മീഷന് വിവരങ്ങള്‍ ശേഖരിച്ചത്. പരാതി അടിസ്ഥാനമില്ലാത്തതെന്ന് പറയാനാകില്ലന്നും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എളമരം കരിം പറഞ്ഞു.
19 അംഗ ഏരിയാ കമ്മറ്റിയില്‍ സക്കീര്‍ ഒഴികെയുള്ള എല്ലാവരും കമ്മീഷനു മുന്നില്‍ ഹാജരായിരുന്നു. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി ഏട്ടുവരെ കമ്മീഷന്റെ തെളിവെടുപ്പ് നീണ്ടു. സക്കീറിനെതിരായ പരാതി അടിസ്ഥാന രഹിതമാണെന്ന് പറയാറായിട്ടില്ലെന്നും ഇരുകൂട്ടരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും കരിം പറഞ്ഞു. ഇതേ സമയം ഏലൂര്‍ പൊലിസില്‍ സക്കീര്‍ ഹുസൈനെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ചെയ്തു. ഏലൂര്‍ സ്വദേശിയായ ജോര്‍ജ് ദീപക്കിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പിന്റെ പേരില്‍ സക്കീര്‍ ഹുസൈന് ഭീഷണിപെടുത്തിയതിനാണ് കേസ്.
വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തതോടെ ഒളിവില്‍ പോയ സക്കീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശെഹക്കോടതി 14 ന് പരിഗണിക്കാനിരിക്കുകയാണ്. അന്വേഷണകമ്മീഷനെ നിയോഗിച്ചിരിക്കെ സക്കീര്‍ഹുസൈന്‍ നിരപരാധിയാണെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞത് വിവാദമായിരിക്കെയാണ് എളമരം തെളിവെടുപ്പിനെത്തിയത്.