ന്യൂഡല്‍ഹി: നവംബര്‍ പത്ത് മുതലുളള കണക്ക് അനുസരിച്ച് 12,44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ ലഭിച്ചതായി ആര്‍ബിഐ വ്യക്തമാക്കി. 500 ന്റെ പഴയ നോട്ടുകളും 1000 ത്തിന്റെ കറന്‍സിയും പിന്‍വലിച്ച നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നടന്ന ഇടപാടുകളുടെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാങ്കിംഗ് ഇടപാടുകളുടെ സിസിടിവി ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യണമെന്ന് ഒക്ടോബറില്‍ തന്നെ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ നിര്‍ദ്ദേശം. 2000 രൂപയുടെ ഉള്‍പ്പെടെ പുതിയ കറന്‍സി നോട്ടുകള്‍ പലര്‍ക്കും വന്‍തോതില്‍ വിതരണം ചെയ്തത് പല കേസുകളിലായി കണ്ടെത്തിയിരുന്നു. ഇത്തരം വഴിവിട്ട നീക്കങ്ങള്‍ കണ്ടെത്താന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി.
കറന്‍സി മാറ്റിവാങ്ങുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നടന്ന ക്രമക്കേടുകളും കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായകമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇത്തരത്തിലുളള പല സംഭവങ്ങളിലും ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും സംശയത്തിന്റെ നിഴലിലായിരുന്നു. വ്യാജ അക്കൗണ്ടുകളുടെ സഹായത്തോടെ പോലും കളളപ്പണം വെളുപ്പിക്കാന്‍ നീക്കം നടന്നതായും വ്യക്തമായിരുന്നു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.