ഡൽഹി : ഐ.എസ്.എല്ലിൽ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഡൽഹിയിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ബ്ളാസ്റ്റേഴ്സ് ഡൽഹി ഡൈനാമോസിനെ നേരിടും.
ഐ.എസ്.എല്ലിൽ ഫൈനലിൽ അത്ലറ്റികോ ഡി കൊൽക്കത്തയുടെ എതിരാളികളെ ഇന്നറിയാം. ആദ്യ പാദ സെമിയിൽ എകപക്ഷീയമായ ഒരു ഗോളിന്റെ ജയം നേടിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഫൈനൽ ബർത്ത് ഉറപ്പിക്കാൻവേണ്ടത് സമനില മാത്രം. അതേ സമയം ആദ്യ ഫൈനലിന് യോഗ്യത നേടാൻ ഡൽഹിയ്ക്ക് രണ്ട് ഗോളിന്റെ മാർജിനിലെങ്കിലും ജയിച്ചേ തീരു.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും ഡൽഹിയുടെ ആക്രമണ നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്ന് നടക്കുക. സ്വന്തം തട്ടകത്തിൽ അജയ്യരായി മുന്നേറുന്ന ഡൽഹിയെ പിടിച്ചുകെട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്ക് എറെ വിയർപ്പൊഴുക്കേണ്ടി വരും. ഡൽഹിയുടെ മുന്നേറ്റ നിരയിൽ മാഴ്സലീഞ്ഞോയും, ഗാഡ്സെയും മലൂദയും തീർക്കുന്ന മിന്നൽപ്പിണരുകളെ പ്രതിരോധിക്കുന്നതിൽ അരോൺ ഹ്യൂസും ഹെങ്ബെർത്തുമടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര വിജയിച്ചാൽ ഐ.എസ് എല്ലിലെ രണ്ടാം ഫൈനലിന് മഞ്ഞപ്പടയ്ക്ക് കച്ചകെട്ടാം