സിഡ്നി: മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിനെ ഒാസ്ട്രേലിയൻ ടീം പരിശീലകനായി നിയമിച്ചു. ട്വന്റി 20 ടീമിന്റെ പരിശീലകനായാണ് പോണ്ടിംഗിനെ നിയമിച്ചിരിക്കുന്നത്. ജസ്റ്റിൻ ലാംഗറാണ് ടീമിന്റെ പ്രധാന പരിശീലകൻ.
മുൻ ബൗളർ ജെയ്സൺ ഗില്ലസ്പിയും ടീമിന്റെ പരിശീലകരുടെ ലിസ്റ്റിലുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്. കൺസൾട്ടന്റ് വ്യവസ്ഥയിലാണ് പോണ്ടിംഗിനെ നിയമിച്ചിരിക്കുന്നതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പോണ്ടിംഗ് പ്രതികരിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിലായിരിക്കും പരിശീലകനായി പോണ്ടിംഗ് അരങ്ങേറ്റം കുറിക്കുക. മൂന്ന് ട്വന്റി20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്.
2004 മുതൽ 2011 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതൽ 2011 വരെ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെയും നായകനായിരുന്നു പോണ്ടിംഗ്.
2012 ലാണ് പോണ്ടിംഗ് അന്താരാഷ്ര്ട ക്രിക്കറ്റിനോട് വിടപറഞ്ഞത്. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റന്റെയും പരിശീലകന്റെയും വേഷത്തിലും പോണ്ടിംഗ് എത്തിയിരുന്നു.