ന്യൂഡല്‍ഹി: എസ്ബിഐയ്ക്ക് പിന്നാലെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകളും വായ്പാ പലിശനിരക്ക് കുറയ്ക്കുന്നു. ഐസിഐസിഐ, കൊടാക് മഹീന്ദ്ര, ദേന ബാങ്ക് എന്നിവയാണ് പലിശ നിരക്ക് കണക്കാക്കുന്ന എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) കുറച്ചത്. ഈ ബാങ്കുകളുടെ ഭവന, വാഹന വായ്പാ പലിശ നിരക്കുകളില്‍ ഇതനുസരിച്ച് കുറവുണ്ടാകും.
എംസിഎല്‍ആര്‍ നിരക്കില്‍ .7 ശതമാനമാണ് ഐസിഐസിഐ ബാങ്ക് കുറവ് വരുത്തിയത്. കൊടാക് മഹീന്ദ്ര ബാങ്ക് .45 ശതമാനവും ദേനാ ബാങ്ക് .75 ശതമാനവും കുറവ് വരുത്തി. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കെന്ന നിലയിലേക്കാണ് ബാങ്കിംഗ് മേഖല നീങ്ങുന്നത്.
പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഈ ബാങ്കുകള്‍ക്ക് പുറമേ ബന്ധന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് തുടങ്ങിയവയും എംസിഎല്‍ആര്‍ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്ബിഐയ്ക്ക് പുറമേ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും നിരക്ക് കുറച്ചിരുന്നു.
കളളപ്പണം കണ്ടെത്താന്‍ കറന്‍സി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതിന്റെ ഫലമായി ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധനയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായത്. എസ്ബിഐ ഇന്നലെ എംസിഎല്‍ആര്‍ നിരക്കില്‍ .9 ശതമാനം കുറവ് വരുത്തിയിരുന്നു.