Sports

കട്ടക്ക് ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

കട്ടക്ക് : ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പതിനഞ്ച് റൺസിന്റെ തകർപ്പൻ വിജയം . പൊരുതി നോക്കിയ ഇംഗ്ളണ്ടിനെതിരെ അവസാന ഓവറുകളിൽ ബൗളർമാർ പുറത്തെടുത്ത മനസാന്നിദ്ധ്യമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ക്യാപ്ടൻ ഇയാൻ മോർഗന്റെ സെഞ്ച്വറിക്കും ഇംഗ്ളണ്ടിനെ രക്ഷിക്കാനായില്ല .

ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത മോർഗന്റെ തീരുമാനം ശരി വയ്ക്കുന്ന വിധത്തിലായിരുന്നു ഇംഗ്ളണ്ട് ബൗളർമാർ പന്തെറിഞ്ഞത് .ഓപ്പണർമാരും ക്യാപ്ടൻ കോഹ്‌ലിയും ആദ്യ അഞ്ചോവറിനുള്ളിൽ കൂടാരം കയറി. മീഡിയം പേസ് ബൗളർ റോജർ വോക്ക്സാണ് മൂന്ന് പേരേയും പുറത്താക്കിയത് .

ഏകദിന ടീമിൽ തിരിച്ചെത്തിയ യുവരാജ് സിംഗിന്റെയും മുൻ ക്യാപ്റ്റൻ എം എസ് ധോണിയുട്ടെയും ഉജ്ജ്വലമായ ബാറ്റിംഗിനാണ് ബരാബതി സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത് . മനോഹരമായ ബാറ്റിംഗിലൂടെ ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചതോടെ ഇംഗ്ളണ്ട് ബൗളർമാർ വശംകെട്ടു.

ഒടുവിൽ വോക്സിന്റെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ ബട്ളർ പിടിച്ച് പുറത്താകുന്നതിനു മുൻപ് യുവരാജ് കരിയറിലെ പതിനാലാം സെഞ്ച്വറി നേടിയിരുന്നു . അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വന്ന സെഞ്ച്വറി യുവരാജ് നന്നായി ആഘോഷിക്കുകയും ചെയ്തു .

127 പന്തിൽ 21 ബൗണ്ടറികളുടേയും മൂന്ന് സിക്സറുകളുടേയും സഹായത്തോടെ യുവരാജ് 150 റൺസ് നേടി . അതേ സമയം മറുവശത്ത് ക്യാപ്റ്റൻ ധോണിയും ഉജ്ജ്വല ഫോമിലായിരുന്നു .

തിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ആഞ്ഞടിച്ച ധോണി കരിയറിലെ പത്താം സെഞ്ച്വറിയും നേടി . പ്ളങ്കറ്റിന്റെ പന്തിൽ വില്ലി പിടിച്ച് പുറത്താകുമ്പോൾ 134 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം .പത്ത് ഫോറുകളും ആറ് കൂറ്റൻ സിക്സറുകളും ധോണിയുടെ ഇന്നിംഗ്സിന് കരുത്തേകി.

പത്ത് പന്തിൽ 22 റൺസ് നേടി കേദാർ യാദവും 9 പന്തിൽ 19 റൺസ് നേടി ഹർദിക് പാണ്ഡ്യയും 8 പന്തിൽ 16 റൺസ് നേടി രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 6 വിക്കറ്റിന് 381 റൺസെന്ന നിലയിൽ അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിന് നാലാം ഓവറിൽ ഹെയിൽസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഒത്തു ചേർന്ന റോയ് -റൂട്ട് കൂട്ടുകെട്ട് വിജയ പ്രതീക്ഷ നൽകി . 54 റൺസെടുത്ത രൂട്ടിനെ കോഹ്‌ലിയുടെ കയ്യിലെത്തിച്ച് അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത് സ്കോർ 2 വിക്കറ്റിന് 128.

റോയ്ക്ക് കൂട്ടായി ക്യാപ്ടൻ മോർഗനെത്തിയതോടെ സ്കോർബോർഡ് അതിവേഗം ചലിച്ചു . 71 പന്തിൽ 82 റൺസെടുത്ത റോയിയെ ജഡേജ ക്ളീൻബൗൾഡാക്കിയതോടെ ഇംഗ്ളണ്ട് പരുങ്ങലിലായി . പിന്നീടെത്തിയ സ്റ്റോക്ക്സും ബട്ളറും പൊരുതാതെ കീഴടങ്ങുകയും ചെയ്തു . 206 ന് അഞ്ച് വിക്കറ്റ് വീണ ഇംഗ്ളണ്ടിന് അലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രതീക്ഷ നൽകി . എന്നാൽ സ്കോർ 299 ലെത്തിയപ്പോൾ അലി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

പ്ളങ്കറ്റിനൊപ്പം പൊരുതി നോക്കിയെങ്കിലും 49 -)0 ഓവറിൽ അപ്രതീക്ഷിതമായ റണ്ണൗട്ടിലൂടെ മോർഗൻ മടങ്ങിയതോടെ കളി ഇന്ത്യ വരുതിയിലാക്കി . പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു .അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് ആവശ്യമുള്ളപ്പോൾ ആറ് റൺസെടുക്കാനെ ഇംഗ്ളണ്ടിന് കഴിഞ്ഞുള്ളൂ . ഇതോടെ ഇംഗ്ളണ്ടിന്റെ സ്കോർ 50 ഓവറിൽ 366 റൺസിൽ അവസാനിച്ചു.

ആദ്യ കളി വിജയിച്ച ഇന്ത്യ ഈ വിജയത്തോടെ പരമ്പരയും സ്വന്തമാക്കി. യുവരാജ് സിംഗാണ് മാൻ ഓഫ് ദി മാച്ച്

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close