കോട്ടയം: സംസ്ഥാനത്ത് ദളിത് സ്ത്രീകള്‍ക്കെതിരായ അക്രമം തുടര്‍ന്ന് സിപിഎം. തനിക്കെതിരെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം നടത്തിയ മര്‍ദ്ദനവും ഭീഷണിയും ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ തുറന്നുപറഞ്ഞ് ദളിത് വിഭാഗത്തില്‍പ്പെട്ട അംഗന്‍വാടി അധ്യാപിക. രണ്ട് പെണ്മക്കളുമായി ഭീതിയോടെയാണ് കഴിയുന്നതെന്നും വിവരമറിയിച്ചപ്പോള്‍ പ്രശ്നം ഒത്തുതീര്‍ക്കണമെന്ന് പൊലീസ് നിര്‍ബന്ധിച്ചതായും അധ്യാപിക ജനം ടിവിയോട് വെളിപ്പെടുത്തി.
കോട്ടയം മുണ്ടക്കയത്ത് അംഗന്‍വാടി അധ്യാപികയായ ഉഷയാണ് സിപിഎം അക്രമത്തിന്റെ ഉടുവിലത്തെ ഇര. പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവായ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗമാണ് കാരണമൊന്നും കൂടാതെ കഴിഞ്ഞദിവസം അംഗന്‍വാടിയിലെത്തി ഉഷയുടെ കരണത്തടിച്ചത്.
അംഗന്‍വാടിയിലെ സഹായി ജോലിക്ക് എത്താത്തതിനെത്തുടര്‍ന്ന് പുതിയ ആളെ നിയമിക്കുന്നതിനായി യോഗം വിളിച്ചുചേര്‍ത്തു. വാര്‍ഡ് മെമ്പര്‍ രജനി, ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ സുഗുണന്, ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു. നിയമനത്തെച്ചൊല്ലി യോഗത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗമായ സുഗുണന് അധ്യാപികയുടെ കരണത്തടിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ ഫോണിലും വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും സംഭവം തുറന്നു പറയുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുക്കുമെന്ന് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ കവിത ഭീഷണിപ്പെടുത്തിയെന്നും അധ്യാപിക പറഞ്ഞു. പൊലീസില്‍ അറിയിച്ചപ്പോള്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ നിര്‍ബന്ധിച്ചു.
കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് തന്നെ ദളിത് കുടുംബത്തിലെ നാല് സ്ത്രീകളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.