ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം എഡിഷൻ ആദ്യ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിന് ഉജ്ജ്വല വിജയം .റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ 35 റൺസിനാണ് സൺറൈസേഴ്സ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹെൻറിക്കസിന്റെയും യുവരാജിന്റെയും ഉജ്ജ്വല ബാറ്റിംഗിന്റെ മികവിൽ 4 വിക്കറ്റിന് 207 റൺസെടുത്തു. 27 പന്തിൽ മൂന്ന് സിക്സുകളുടേയും ഏഴു ഫോറുകളുടേയും പിന്തുണയോടെ യുവരാജ് 62 റൺസെടുത്തപ്പോൾ 37 പന്തിൽ 52 റൺസെടുത്ത് ഹെൻറിക്കസ് ഉറച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സിന്റെ തുടക്കം ഗംഭീരമായിരുന്നു. സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ആദ്യ അഞ്ച് ഓവറിൽ അൻപത് കടക്കാൻ സഹായിച്ചു . എന്നാൽ ടീം സ്കോർ 52 ൽ മൻദീപും 60 ൽ ഗെയിലും പോയതോടെ ചലഞ്ചേഴ്സ് പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താനായതോടെ ഹോം ഗ്രൗണ്ടിൽ സൺറൈസേഴ്സ് വിജയം നേടുകയായിരുന്നു .
സൺറൈസേഴ്സിനു വേണ്ടി നെഹ്രയും ഭുവനേശ്വർ കുമാറും റഷീദ് ഖാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.