തിരുവനന്തപുരം: വികസനം പരിസ്ഥിതിയെ തകർക്കുന്നതാവരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രകൃതിയെ തകർക്കുന്ന വികസനങ്ങൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകണ്ഠേ ശ്വരം പാർക്കിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു കുമ്മനം.
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള എല്ലാ പദ്ധതികളിൽ നിന്നും അധികാരികൾ ഒഴിയണം. മൂന്നാർ പോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വൻകിട കയ്യേറ്റക്കാർ പ്രകൃതിയെ നശിപ്പിച്ച് വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. ഇങ്ങനെയുള്ള വികസനങ്ങളല്ല നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് താരം ശ്രീശാന്ത്, ബിജെപി സംസ്ഥാന വക്താക്കളായ എംഎസ് കുമാർ, ജെആർ പത്മകുമാർ, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.