NewsSpecial

ഒരു കാലഘട്ടത്തിന്റെ സംവിധായകന് വിട

ഒരു കാലഘട്ടത്തിന്‍റെ സംവിധായകന്‍.അതായിരുന്നു ഐ വി ശശി.അന്നേ വരെ മലയാളസിനിമാലോകം സഞ്ചരിച്ചിട്ടില്ലാത്ത വേറിട്ട വഴിയിലൂടെ പോകാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് അദ്ദേഹം.എടുത്ത സിനിമയില്‍ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.എന്നെന്നും ഓര്‍മ്മിക്കാന്‍ 150 ലേറെ സിനിമകള്‍ ലോകത്തിന് സമര്‍പിച്ചതിന് ശേഷമാണ് അദ്ദേഹം യാത്രയാകുന്നത്.

സഹസംവിധായകനായി അങ്ങേറ്റം

കോഴിക്കോടുകാരനായ ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ വി ശശി മദ്രാസ് സ്‌കുള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥി ജീവിതത്തിനു ശേഷമാണ് സിനിമയില്‍ എത്തുന്നത്.കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ സഹസംവിധായകനായാണ് തുടക്കം.

27-ാം വയസ്സില്‍ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തു.എന്നാല്‍ ആ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തില്ല.ഉത്സവം എന്ന സിനിമയാണ് ഐ വി ശശിയുടെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്.

മാറ്റത്തിന്റെ അവളുടെ രാവുകള്‍

മലയാള സിനിമയില്‍ വിപ്ലവകരമായ ഒരു മാറ്റം തന്നെയായിരുന്നു അവളുടെ രാവുകള്‍.1978 ല്‍ ഐ വി ശശിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ഈ സിനിമ മലയാളത്തിലെ ആദ്യത്തെ ഏ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ്.ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതവും സമൂഹത്തില്‍ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സിനിമയില്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ടത് സീമയാണ്.സീമയുടെ എക്കാലത്തേയും എറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അവളുടെ രാവുകള്‍.

അക്കാലത്ത് ഇറങ്ങിയിരുന്ന മലയാള സിനിമകളെ അപേക്ഷിച്ച് നഗ്നതാപ്രദര്‍ശനം ഈ ചിത്രത്തില്‍ കൂടുതലായിരുന്നു.ഇറങ്ങിയ സമയത്ത് അവളുടെ രാവുകളെ അശ്ലീലചിത്രം എന്ന് മുദ്രകുത്തിയിരുന്നുവെങ്കിലും പിന്നീട് ചിത്രം മുന്നോട്ട് വെച്ച ശക്തമായ സ്ത്രീപക്ഷ നിലപാട് ചര്‍ച്ചയാക്കപ്പെട്ടിരുന്നു.ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ ടി ഉമ്മര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച രാഗേന്ദു കിരണങ്ങള്‍ എന്ന ഈ ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമാണ്.

ശശിയേട്ടന്റെ സീമ

ഒരു കാലഘട്ടത്തെ തന്നെ പിടിച്ചുകുലുക്കിയ സിനിമയിലെ നായികയാണ് സീമ.അവളുടെ രാവുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ ആദ്യം എത്തുക സീമുടെ മുഖം തന്നെ.

അന്നേ വരെ മലയാള സിനിമയില്‍ ആരും ചെയ്യാത്ത ഒരു വേഷം ധൈര്യമായി ഏറ്റെടുക്കുകയും അതിനോട് പൂര്‍ണ നീതി പുലര്‍ത്തുകയും ചെയ്ത നടിയാണ് സീമ.ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഐ വി ശശി സീമയെ പരിചയപ്പെടുന്നത്.അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളില്‍ സീമ നായികയായി.ഏകദേശം 30 ഓളം സിനിമകള്‍ അവര്‍ ഒരുമിച്ച് ചെയ്തു.പിന്നീട് സീമ ശശിയുടെ ജീവിത സഖിയായി.ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ഐ വി ശശിയുടെ ചിത്രങ്ങള്‍

മലയാളത്തില്‍ ഏകദേശം 101 ചിത്രങ്ങള്‍ ഐ വി ശശി സംവിധാനം ചെയ്തിട്ടുണ്ട്.തമിഴില്‍ 8 ചിത്രവും ഹിന്ദിയില്‍ 4 ചിത്രവുമാണ് അദ്ദേഹം സംവിധാനം ചെയ്തത്.

അവാര്‍ഡുകള്‍

1 2014ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം.
2 ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
3 1982ല്‍ ആരൂഢത്തിന് ദേശീയ അവാര്‍ഡ്.
4 രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്.
5 ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്.
6 ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്.
7 ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്.
8 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

സേതുലക്ഷമി കെ.എസ്

 

707 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close