ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷാസേന പിടികൂടി. ബിഹാറിലെ റക്സൗളിലുള്ള മൈത്രി പാലത്തിന് സമീപം പതിവ് പരിശോധനയ്‌ക്കിടെയാണ് സശസ്ത്ര സീമാ ബൽ ഇവരെ തടഞ്ഞത്.
ബോസോറോവ ഷക്കർജോൺ എന്ന ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവരുടെ പക്കൽ 2029 ഒക്ടോബർ വരെ കാലാവധിയുള്ള സാധുവായ ഉസ്ബെക്കിസ്ഥാൻ പാസ്‌പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ വിസ ഇല്ലെന്ന് കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തിൽ, ഒരു ഇന്ത്യൻ പൗരനോടൊപ്പം കഴിഞ്ഞ ഒരു വർഷത്തോളമായി മുംബൈയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിലാണ് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്നാണ് നിഗമനം.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ അതിർത്തിയിൽ തടഞ്ഞത്. തുടർന്ന് എസ്.എസ്.ബി ഉദ്യോഗസ്ഥർ ഇവരെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ഹരയ്യ പൊലീസ് സ്റ്റേഷനു കൈമാറി.
പാസ്‌പോർട്ട് ആക്ട്, വിസ ചട്ടങ്ങൾ, വിദേശ പൗരന്മാർക്ക് ബാധകമായ മറ്റ് നിയമങ്ങൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്. വ്യാജ ആധാർ കാർഡ് ലഭിക്കാൻ ആരാണ് സഹായിച്ചതെന്നും, ഇന്ത്യയിൽ അനധികൃതമായി താമസിക്കാൻ സഹായിച്ചത് ആരൊക്കെയാണ്, വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കിയതാര്, നേപ്പാളിലേക്കുള്ള യാത്രയുടെ ലക്ഷ്യം എന്തായിരുന്നുവെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.















