NewsKeralaSpecial

ഐക്യകേരളത്തിന് 61 വയസ്

ഐക്യകേരളത്തിന് 61 വയസ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓർമ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. എല്ലാ പ്രേക്ഷകർക്കും കേരള പിറവി ആശംസകൾ.

തിരുവിതാംകൂർ, കൊച്ചി, മലബാർ ദേശങ്ങളുടെ കൂടിച്ചേരൽ. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരിൽ. മലയോരവും തീരവും ഇടനാടും. വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേർന്നപ്പോൾ ദൈവത്തിന്‍റെ സ്വന്തം നാടായി.

പകുതിയിലധികം ജനങ്ങളും കർഷകരായിരുന്നു സംസ്ഥാനം പിറവിയെടുക്കുമ്പോൾ. പരിഷ്കരണത്തിന്‍റെ പേരിൽ വീതം വയ്ക്കപ്പെട്ട ഭൂമിയിൽ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം മാത്രം. മാറിമാറി വന്ന സർക്കാരുകൾ നയങ്ങൾ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു.

നിഷേധാത്മക സമീപനങ്ങൾ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോൾ മലയാളി ആശ്ലേഷിച്ചത് പ്രവാസജീവിതത്തെ. അതാകട്ടെ നമുക്ക് സമ്മാനിച്ചത് പുതിയ സാമൂഹിക സാമ്പത്തിക ഘടനയും. ആറുപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാൽ അത് ലോകം മുഴുവൻ വേണ്ടിവരും.

ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടർപ്രക്രിയ ആയപ്പോഴാണ് കേരളത്തിന്‍റെ മാതൃക കേൾവികേട്ടത്. പിന്നീട് സമ്പൂർണ സാക്ഷരതയിലൂടെയും കേരളം രാജ്യത്തിന് പുതുവഴികാട്ടി. എന്നാൽ വനവാസി മേഖലയിലും മറ്റും ഇന്നും തുടരുന്ന ശിശുമരണങ്ങൾ കേരള മാതൃകയുടെ മേൽ ചോദ്യങ്ങൾ വീഴ്ത്തുന്നു.

മലയാളിക്ക് എന്നും ആരോഗ്യം സമ്മാനിച്ച ശുചിത്വബോധത്തിൽ കരിനിഴലാകുകയാണ് വഴിനീളെയുള്ള മാലിന്യനിക്ഷേപങ്ങൾ. പ്രാണൻ നിലനിർത്തിയിരുന്ന നിളയും സഹ്യനും സ്വന്തം ശ്വാസത്തിനായി കേഴുന്നത് 61 ന്‍റെ നേർക്കാഴ്ചകളാകുന്നു.

900 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close