Defence

ഐ എൻ എസ് കൽവരി: ലക്ഷ്യം പാകിസ്ഥാനും,ചൈനയും?

ഇന്ത്യൻ നാവിക പോരാളികളുടെ കൈകളിൽ ഇന്ത്യൻ മഹാസമുദ്രത്തെ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പൽ ഐഎൻഎസ് കൽവരി പാക്കിസ്ഥാനും ചൈനയ്ക്കുമുള്ള ഇന്ത്യയുടെ ഒരു മുന്നറിയിപ്പാണ്.

ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്തിടെ ഇന്ത്യൻ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.

‘ഡിപ്ലോയി മിഷൻ – റെഡി വാർഷിപ്സ്‘ എന്ന പുതിയ പദ്ധതിയുടെ ഭാഗമായിട്ടാണ് നാവികസേനയുടെ ഈ വിന്യാസം.ഇതിന്റെ ഭാഗമായാണ് ആറ് സ്കോർപിൻ ക്ലാസ് അന്തർവാഹിനികൾ നിർമിക്കാനും തീരുമാനിച്ചത്.

ഇന്തോ–പസിഫിക് മേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്.

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മുങ്ങിക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ നിരന്തര ആവശ്യം കൂടിയായിരുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്ത ഐ എൻ എസ് കൽവരി ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം പ്രതിരോധ മാർഗ്ഗങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.

ഫ്രാൻസിന്റെ സഹായത്തോടെയാണ് ഇന്ത്യ കൽവരി നിർമ്മിച്ചിരിക്കുന്നത് . മൂന്നു ബില്ല്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മുങ്ങിക്കപ്പൽ നിർമാണത്തിനായി 2005 ലാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടത്. 2006 ലാണ് ഐ എൻ എസ് കൽവരിയുടെ നിർമ്മാണം ആരംഭിച്ചത്.

കരാർ പ്രകാരം 2012 ഡിസംബറിലാണ് ആദ്യ മുങ്ങിക്കപ്പൽ പൂർത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വർഷവും ഓരോ മുങ്ങി കപ്പൽ വീതം പുറത്തിറക്കാനും തീരുമാനിച്ചു. എന്നാൽ, പദ്ധതി ഇടക്കാലത്തു മുടങ്ങിയിരുന്നു.

സേനയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കൽവരിയുടെ നിർമ്മാണം.67.5 മീറ്റർ വീതിയുള്ള കൽവരിക്ക് കടലിനടിയിൽ മണിക്കൂറില്‍ 37 കിലോമീറ്ററാണ് വേഗത. ജലോപരിതലത്തില്‍ മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗതയുണ്ട്.

ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളും,കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കാൻ ഉതകും വിധത്തിലുള്ള സബ്റ്റിക്സ് ആയുധ സംവിധാനവും കൽവരിയുടെ പ്രത്യേകതകളാണ്. ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്ന ഇൻഫ്രാറെഡ് പെരിസ്കോപ്പിക്ക് സംവിധാനങ്ങളും കൽവരിയിലുണ്ട്.

ഡീസൽ- ഇലക്ട്രിക് എൻജിൻ കരുത്തുള്ള കൽവരി, മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. നാലു മാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണു കമ്മിഷൻ ചെയ്തത്.

ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് ചക്ര എന്നിവയ്ക്കു പുറമെ, 13 മുങ്ങിക്കപ്പലുകളാണു നിലവിൽ സേനയ്ക്കുള്ളത്. ഇതിനു പുറമെയാണ് ആറ് അന്തർവാഹിനികൾ നിർമിക്കുന്നത്.

നിലവിൽ ബംഗ്ലാദേശ്-മ്യാന്മാർ തീരത്ത് ഇന്ത്യൻ നാവികസേനയുടെ കപ്പലായ ശിവാലിക്കും,മഡഗാസ്ക്കർ-മൗറീഷ്യസ് തീരങ്ങളിൽ   തേജും  ,ഗൾഫ് കടലിടുക്കിൽ ഐ എൻ എസ് ത്രിശൂലും,ആൻഡമാൻ തീരത്ത് കോറയും നിരീക്ഷണം നടത്തുന്നുണ്ട്.

ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ട്, പ്രോജക്ട് 75 എന്ന പദ്ധതിയിലൂടെ കൂടുതൽ മിസൈൽ വേധ അന്തർവാഹിനികളും ഇന്ത്യ നിർമിക്കും.

ക്രൂസ് മിസൈൽ, അത്യാധുനിക ആയുധങ്ങൾ, കടലിനടിയിൽ ശത്രു നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നൂതന സെൻസറുകൾ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകളും നിർമിക്കാൻ ഇന്ത്യയ്ക്കു പദ്ധതിയുണ്ട്.

ഫ്രാൻസ്, റഷ്യ, ജർമനി, സ്വീഡൻ, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ ഷിപ്‌യാർഡ് 70,000 കോടി രൂപയുടെ പ്രതിരോധ പദ്ധതിക്കു തയാറെടുക്കുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close