MovieMovie Reviews

ക്യൂട്ടല്ല ഈ ക്യൂൻ

FILM REVIEW - കെപി സുരേഷ് കുമാർ

പുതുമുഖങ്ങളെ അണിനിരത്തി വിജയം കൈവരിച്ച ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. പ്രമേയത്തിലും ആവിഷ്‍‍ക്കരണത്തിലുമുള്ള വൈവിധ്യം തന്നെയാണ് അതിന് കാരണം. പുതുമുഖങ്ങളെ അണിനിരത്തി ഏറെ പ്രതീക്ഷകളോടെയെത്തി യ ക്യൂൻ നിരാശപ്പെടുത്തുന്നതും അതുകൊണ്ട് തന്നെയാണ്.

നവാഗതനായ ജിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍‍ത ചിത്രം റിലീസിനുമുമ്പേ ഒട്ടേറെ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളിലെത്തിയത്. 25 ലക്ഷത്തോളം പ്രേക്ഷകരാണ് ട്രെയിലർ പുറത്തിറങ്ങി ദിവസങ്ങൾക്കകം കണ്ടത്. എന്നാൽ ഈ ഹൈപ്പ് മുതലെടുക്കാൻ ചിത്രത്തിനായില്ല എന്നാണ് തീയേറ്റർ റിപ്പാർട്ടുകൾ വ്യക്തമാക്കുന്നത്.

എഞ്ചിനീയറിംഗ് കോളേജിന്‍റെ പശ്ചാത്തലത്തിറങ്ങിയ ചങ്ക് എന്ന സിനിമയോട് സാമ്യം തോന്നിക്കുന്നതാണ് ചിത്രത്തിന്‍റെ തുടക്കം. മെക്കാനിക്കൽ ഡിപ്പാർട്ട്മെന്‍റിൽ പെൺകുട്ടികളില്ല എന്ന അപവാദം ഇല്ലാതാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയെന്നപോലെ ഒരു പെൺകുട്ടിയെത്തുന്നു. സൗഹൃദം കൊണ്ടും പ്രണയം കൊണ്ടും അവൾ എല്ലാവരേയും കീഴടക്കുന്നു. ക്യൂനിലും ആവർത്തിക്കുന്നതും ഇതു തന്നെയാണ്.

റാഗിംഗ്,അടി, സൗഹൃദം ഇതെല്ലാം ചേരും പടി ചേർത്തിട്ടുണ്ട് ക്യൂനിലും. പുതുമുഖങ്ങളായ അരുൺ ദാസ്, അശ്വിൻ ജോസ്, ബിലാൽ മുഹമ്മദ്, ധ്രുവൻ വാരിയർ, എൽദോ മാത്യു, സൂരജ് കുമാർ, സാനിയ ഈപ്പൻ തുടങ്ങിയവരൊക്കെയും തുടക്കക്കാരുടെ പതർച്ചയില്ലാതെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. എഴുത്തിലും പുതുമയുമായെത്തിയ ജെസിൻ ജോസഫും ഷാരിഷ് മുഹമ്മദും പക്ഷേ ഇതിനൊപ്പം എത്തിയില്ല എന്നുമാത്രം. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ജിജോ ജോസഫ് ആന്‍റണിയുടെ സംവിധാനത്തിനും അഭിനയമികവിനൊപ്പമെത്താനായില്ല.

ക്യാംപസിന്‍റെ നിറക്കൂട്ടിൽ തരക്കേടില്ലാതെ പോയ ആദ്യ പകുതി ചില സസ്പെൻസ് പ്രേക്ഷകർക്ക് സമ്മാനിച്ചാണ് അവസാനിക്കിന്നത്. പിന്നീട് ട്വിസ്റ്റിന് പിന്നാലെ ട്വിസ്റ്റുകൾ സമ്മാനിച്ച് തിരക്കാഥാകാരും സംവിധായകനും ആസ്വാദകരെ പരീക്ഷിക്കുകയാണ്. കണ്ടു പഴകിയ എത്രയോ സിനിമകളുടെ പല കുറി ആവർത്തനങ്ങളായി സീനുകൾ പോലും മാറുന്നു.

നന്ദുവും സലിംകുമാറും സ്‍‍ക്രീനിലെത്തുന്ന കോർട്ട് റൂം പെർഫോമൻസുകൾ തീർത്തും നാടകീയമായി തീരുന്നിടത്ത് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും അവസാനിക്കുന്നു. പുതിയ അഭനേതാക്കളോടൊപ്പം വിജയരാഘവൻ,കലാശാല ബാബു, ലിയോണ ലിഷോയി, സേതുലക്ഷ്മി, ശ്രീജിത്ത് രവി എന്നിവരുമെത്തുന്നുണ്ടെങ്കിലും പ്രേക്ഷകമനസിൽ തങ്ങിനിൽക്കില്ല ഒരു കഥാപാത്രവും. വെറുതെ വന്നുപോകുന്ന ചില വേഷങ്ങളുമുണ്ടിതിൽ.ലിയോണയുടെ വേഷം അതിൽ ഒന്നുമാത്രം.

പുതുമയില്ല, മികവില്ല പേരിന് തുടക്കക്കാരുടെ ചിത്രം എന്ന ലേബൽ മാത്രം. ക്യൂൻ ഒരു പാവം രാജകുമാരിയാകുന്നത് അതുകൊണ്ട് തന്നെയാണ്.

കെ പി സുരേഷ് കുമാർ

മാദ്ധ്യമ പ്രവർത്തകൻ

349 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close