മലപ്പുറം: കുറ്റിപ്പുറം പാലത്തിനടയില്‍ നിന്നും കണ്ടെത്തിയ സ്ഫോടകവസ്തുക്കളും വെടിയുണ്ടകളും സൈനിക യൂണിറ്റിലേക്ക് നല്‍കിയതെന്നു സൂചന. സൈനികര്‍ക്ക് പരിശീലനത്തിനായും മറ്റും നല്‍കിയതാണ് ഇവയെന്നാണ് വിവരം.
കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള ക്ലേമോര്‍ മൈനുകളും വന്‍തോതില്‍ വെടിയുണ്ടകളും വെടിക്കോപ്പുകളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പരിശോധനക്കായി സൈനിക ഉദ്യോഗസ്ഥര്‍ എത്താത്തതാണ് കാരണം.
എന്നാല്‍ ഇവ സൈന്യം വാങ്ങിയ ശേഷം സൈനിക യൂണിറ്റുകളിലേക്കും സൈനിക പരിശീലനങ്ങള്‍ക്കുമായി നല്‍കിയതാണെന്നാണ് സൂചന. അന്വേഷണ സംഘം സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചത്.
അതേസമയം, സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ എങ്ങിനെ കുറ്റിപ്പുറത്ത് എത്തി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇവ തെളിയിക്കാന്‍ ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
സംഭവസ്ഥലം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം കുമ്മനം രാജശേഖരന് പറഞ്ഞു.