ദാവോസ്: ലോക സാമ്പത്തിക ഫോറം പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടന പ്രസംഗം നടത്തും. സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്നലെ ദാവോസിലെത്തിയ പ്രധാനമന്ത്രി സ്വിറ്റ്സർലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ആഗോള വ്യവസായികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇന്ത്യയിലെയും വിദേശത്തെയും തെരഞ്ഞെടുക്കപ്പെട്ട അറുപതോളം വ്യവസായ പ്രമുഖരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ പുത്തൻ സാമ്പത്തിക നയങ്ങൾ, നിക്ഷേപസാധ്യതകൾ തുടങ്ങിയവയെപ്പറ്റി പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
ആരോഗ്യം, വ്യാപാരം, അടിസ്ഥാന വികസനം തുടങ്ങിയ കാര്യങ്ങളിലാകും ഇന്ത്യ ദാവോസിൽ ഊന്നൽ നൽകുക. ഇരുപത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത്.