കൊച്ചി: നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്‍റേഴ്‍സ് ഇന്ന് ചെന്നെയിൻ എഫ് സിയെ നേരിടും. സെമി സാധ്യത നിലനിർത്താൻ ബ്ലാസ്റ്റേഴ്‍സിന് ജയം അനിവാര്യമാണ്. സീസണിലെ അവസാന ഹോം മാച്ചിനിറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല.
ഡേവിഡ് ജെയിംസ് പകർന്ന നവോർജ്ജത്തിൽ, കഴിഞ്ഞ നാല് മത്സരങ്ങളിലും പരാജയമറിയാതെയാണ് രണ്ട് വട്ടം ഐഎസ്എൽ ഫൈനൽ കണ്ടിട്ടുളള ബ്ലാസ്റ്റേഴ്സ് മുന്നേറിയത്. ചെന്നൈയ്‌ക്ക് മുകളിലുളള വിജയം മഞ്ഞപ്പടയെ പ്ലേഓഫിന്റെ അരികിലെത്തിക്കും.
ഇരു ടീമുകളും വജയത്തിനായി മരണപ്പോരാട്ടത്തിലേർപ്പെടുമ്പോൾ, കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് തീപ്പൊരി പാറുമെന്ന് ഉറപ്പാണ്.
ബ്ലാസ്റ്റേഴ്സിന് ആവേശം പകരാന്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോൾ നായകന്‍ വി പി സത്യന്‍റെ കഥ പറഞ്ഞ ക്യാപ്റ്റൻ സിനിമയിലെ നായകന്‍ ജയസൂര്യയും അഡാർ ലൗവിലെ ഗാനത്തിലൂടെ തരംഗമായ പ്രിയാ വാര്യരും എത്തും.















