കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിത പുരുഷ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ഇരുവിഭാഗവും ഹരിയാനയെ തോല്‍പ്പിച്ചാണ് സെമിഫൈനലില്‍ കടന്നത്. പുരുഷ ടീം നാല് സെറ്റുകള്‍ക്കും വനിതാ ടീം 3 സെറ്റുകള്‍ക്കാണ് വിജയിച്ചത്.
പരാജയമറിയാതെ ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറുന്ന കേരളത്തിന്റെ വനിതാ പുരുഷ ടീമുകളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ആവേശം ഇരട്ടിയായിരുന്നു. നിര്‍ണായക മത്സരത്തില്‍ വനിത പുരുഷ ടീമുകള്‍ ഹരിയാനയെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.
പുരുഷ ടീം ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഹരിയാനയെ തോല്‍പിച്ചത്. ആദ്യ സെറ്റ് ഹരിയാന സ്വന്തമാക്കിയപ്പോള്‍ തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്താണ് കേരളത്തിന്റെ വിജയം. സ്‌കോര്‍: 30-32, 25-21, 28-18, 22-15. കേരളം സെമിയില്‍ നാളെ തമിഴ്‌നാടിനെ നേരിടും. വനിതാ വിഭാഗം സ്‌കോര്‍: 25-16, 25-13, 25-14.
മറ്റൊരു ക്വാര്‍ട്ടറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് സര്‍വീസസും അവസാന നാലിലെത്തി. നാളെ മുതല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഈ മാസം 28നാണ് ഫൈനല്‍.















