അബുദാബി: മിന സ്പെഷ്യല്‍ ഒളിമ്പിക്സിനൊരുങ്ങി അബുദാബി. ഈ മാസം 14 മുതല്‍ 23 വരെയാണ് ഒളിമ്പിക്സ്. 33 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ ഒളിമ്പിക്സില്‍ അണിനിരക്കും.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിതത്തില്‍ പുതിയ ദിശാബോധവും ആത്മവിശ്വാസവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ ഒളിമ്പിക്സ് നടത്തുന്നത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി, നാഷണല്‍ എക്സിബിഷന് സെന്റര്‍, ഐപിക് അരീന എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. യു.എ.ഇയില്‍ നിന്നുള്ള നൂറോളം കായികതാരങ്ങള്‍ ടേബിള്‍ ടെന്നീസും നീന്തലുമടക്കമുള്ള 16 ഓളം ഇനങ്ങളില്‍ മാറ്റുരക്കും. ആയിരത്തിലധികം കായിക താരങ്ങളാണ് പതിനൊന്ന് ദിവസം നീണ്ട് നില്ക്കുന്ന മിന ഒളിമ്പിക്സിന്റെ ഭാഗമാവുക.
മേളയിലേക്കെത്തുന്ന കായികതാരങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മികച്ച സജ്ജീകരണങ്ങളാണ് അബുദാബി ഒരുക്കിയിട്ടുള്ളത്. 3000 ത്തോളം വളണ്ടിയര്‍മാരാണ് കായികമേളയുടെ മികച്ച നടത്തിപ്പിനായി കഴിഞ്ഞ മൂന്ന് മാസം മുതല്‍ പ്രവര്‍ത്തിച്ച് വരുന്നത്. 2019 ല്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന ലോക സ്പെഷ്യല്‍ ഒളിമ്പിക്സിന് മുന്നോടിയായാണ് മേള സംഘടിപ്പിക്കപ്പെടുന്നത്.