അബൂദാബി: അബൂദാബിയില്‍ അടിയന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഏറ്റവും വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമായി. യു.എ.ഇ ദേശീയ അത്യാഹിത ദുരന്ത നിവാരണ വകുപ്പാണ് സംവിധാനത്തിന് തുടക്കം കുറിച്ചത്. സ്മാര്‍ട്ട് ടവറുകള്‍ വഴി വ്യാഴാഴ്ച മുതലാണ് പൊലീസ് സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്.
മൂടല്‍മഞ്ഞ്, അപകടങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവയെ കുറിച്ച് ഡ്രൈവര്‍മാരെ അറിയിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഏകീകൃത ഇലക്ട്രോണിക് സംവിധാനം വഴിയാണ് ലഭിക്കുന്ന മുന്നറിയിപ്പുകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത്.
വകുപ്പിന്റെ അറിയിപ്പുകള് പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കും. മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ സന്ദേശങ്ങളായാണ് വിവരങ്ങള്‍ എത്തുക. ഇത് അപകടങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആളുകളെ സഹായിക്കും. ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്രമാണ് യു.എ.ഇ.