കോട്ടയം: കേരളത്തില്‍ നടക്കേണ്ട ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനത്തിന് സാധ്യത മങ്ങുന്നു. ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടത്താമെന്ന് കായിക മന്ത്രിക്ക് കെസിഎ ഉറപ്പ് നല്കിയെങ്കിലും ഈ മത്സരം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് കെസിഎ വ്യക്തമാക്കുന്നത്. നവംബറില്‍ കാലാവസ്ഥ മോശമായതിനാല്‍ ജനുവരിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഒരു മത്സരം ചോദിച്ച് വാങ്ങാനാണ് ഇപ്പോഴത്തെ നീക്കം. ഇത് സംബന്ധിച്ച് ബിസിസിഐയ്‌ക്ക് കത്ത് നല്കാനും കെസിഎ ജനറല്‍ ബോഡി തീരുമാനിച്ചു.
ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് ക്രിക്കറ്റ് മത്സരം നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നും കുമരകത്ത് നടന്ന കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇടക്കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്ന സാഹചര്യത്തില്‍ ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു.















