Gulf

പ്രവാസികളുടെ തിരിച്ചുപോക്ക് : കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടി

കുവൈറ്റ് സിറ്റി : പ്രവാസികള്‍ കൂട്ടത്തോടെ രാജ്യം വിട്ടത് കാരണം രാജ്യത്തെ റിയല്‍എസ്റ്റേറ്റ് മേഖല തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ട്. അന്‍പത്തിരണ്ടായിരം ഫ്ളാറ്റുകളോളം ഒഴിഞ്ഞു കിടക്കുന്നതായാണ് കുവൈറ്റിലെ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. നഗരകേന്ദ്രീകൃതമായി 14 ശതമാനം കെട്ടിടങ്ങളും ഒഴിഞ്ഞു കിടക്കുന്നതായാണ് കണ്ടെത്തെല്‍.

പതിമൂന്നായിരത്തി നാനൂറ്റിഅന്‍പത്തിമൂന്ന് കെട്ടിടങ്ങളിലെ മൂന്ന് ലക്ഷത്തി എഴുപത്തിഒന്നായിരം ഫ്ളാറ്റുകളില്‍ അന്‍പത്തിരണ്ടായിരം ഫ്ളാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വരുന്ന വേനല്‍ക്കാലവധിയാകുമ്പോഴേക്കും ഒട്ടേറെ പ്രവാസികള്‍ രാജ്യം വിടുന്നതോടുകൂടി പ്രതിസന്ധി രൂക്ഷമാവുമെന്നാണ് റിയല്‍ എസ്റ്റേറ്റ് വിദഗ്ധരുടെ നിഗമനം.

സ്‌കൂള്‍ വര്‍ഷാവസാനത്തോടെ ജൂണില്‍ ഒട്ടേറെ പ്രവാസികള്‍ കുവൈറ്റ് വിട്ടുപോകാന്‍ പദ്ധതിയുണ്ടെന്നും അതിന് മുന്നോടിയായി അവരവരുടെ കെട്ടിട ഉടമസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവണ്‍മെന്റ് തൊഴില്‍ നിയമം കര്‍ശനമാക്കുകയും ചികിത്സച്ചലവ്, വൈദ്യുതി നിരക്ക്, വിവിധ സാധന സാമഗ്രികളുടെ കുത്തനെയുള്ള വിലവര്‍ദ്ധനവും താങ്ങാന്‍ കഴിയാതെ പ്രവാസികളില്‍ പലരും അവരുടെ കുടുംബാംഗങ്ങളെ ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വദേശത്തേക്ക് കയറ്റിവിടുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിലവര്‍ദ്ധനവിന്റെ കൂടെ പ്രതിമാസവരുമാനവും കൂടാത്തതിന്റെ ഫലമായി പ്രവാസികളുടെ സാമ്പത്തിക ഞെരുക്കം വര്‍ദ്ധിച്ചു വരികയാണ്. കൂടുതല്‍ പ്രവാസികള്‍ രാജ്യം വിടുന്നതോടുകൂടി പ്രതിസന്ധി രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കുവൈറ്റില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ സ്ഥലങ്ങളിലും ഫ്ളാറ്റിന്റെ വാടകയുടെ വ്യക്തമായ ഇടിവ് സംഭവിച്ചതായി അയന റിയല്‍ എസ്റ്റേറ്റ് കമ്പനി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ അവാദി സ്ഥീരീകരിച്ചു. രണ്ട് മുറികളും രണ്ട് കുളിമുറികളുമുള്ള ഒരു ഫ്ളാറ്റിന് പ്രതിമാസ വാടകയിനത്തില്‍ 300 ദിനാറില്‍ നിന്നും 270 ദിനാറായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേനല്‍ അവധിയാകുമ്പോഴേക്കും ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാവുകയും ഡിമാന്റ് കുറയുകയും അത് മൂലം അധികം വൈകാതെ കെട്ടിടഉടമകള്‍ വന്‍ നഷ്ടം ഒഴിവാക്കാന്‍ വാടകകുറയ്ക്കാന്‍ നിര്‍ബന്ധിതരാകും എന്ന് അല്‍ അവാദി വിശദീകരിച്ചു. പുതുതായി പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളിലെ സ്ഥലപരിമിതിയും കാര്‍പാര്‍ക്കിംഗ് സൗകര്യക്കുറവും കാരണം വാടകനിരക്ക് 25ശതമാനം താഴ്ന്നതായി റിയല്‍എസ്റ്റേറ്റ് വിദഗ്ധന്‍ അബ്ദുല്‍ അസീസ് ദുഖൈസേമും വെളിപ്പെടുത്തി. പുതുതായി നിര്‍മ്മിച്ചിരിക്കുന്ന 60 ശതമാനം ഫ്ളാറ്റുകളുടെയും നിലവാരക്കുറവ് കാരണം ഭാവിയില്‍ വാടകയ്ക്ക് നല്‍കാന്‍ ബുദ്ധിമുട്ടനുഭപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ മേഖലയിലുണ്ടാകുന്ന നിയമമാറ്റങ്ങളും നിയന്ത്രണങ്ങളും കാരണമാണ് പ്രവാസികള്‍ കൂട്ടത്തോടെ രാജ്യംവിടാനൊരുങ്ങുന്നതെന്ന് പറയപ്പെടുന്നു. കുവൈറ്റ് ഭരണകൂടം തൊഴില്‍ നിയമം കര്‍ശനമാക്കിയതോടെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നവരുടേയും മറ്റ് ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നവരുടേയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് കൂടിയതോടെ കുടുംബസമേതം താമസിച്ചിരുന്ന പലരും കുടുംബാംഗങ്ങളെ നാട്ടിലേക്കയച്ച് ബാച്ചിലര്‍ മുറികളിലേക്ക് താമസം മാറുകയാണ്.

675 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close