Special

ഇഡ്ഡലി പ്രിയർക്കായി ഇന്ന് ലോക ഇഡ്ഡലി ദിനം

ഇഡ്ഡലി,സാമ്പാർ,ബജ്ജി പറഞ്ഞു വരുന്നത് കിലുക്കത്തിലെ ജഗതിയുടെ ഡയലോഗിനെ കുറിച്ചല്ല , നല്ല പൂ പോലെയുള്ള ഇഡ്ഡലിയെ കുറിച്ചാണ്.ഇന്ന് ലോക ഇഡ്ഡലി ദിനം.

രാമശ്ശേരി ഇഡ്ഡലി, ഖുശ്ബു ഇഡ്ഡലി,കാഞ്ചീപുരം ഇഡ്ഡലി അങ്ങനെ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച ഇഡ്ഡലിക്ക് ചാർത്തി നൽകിയത് വിവിധ പേരുകൾ.

ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.ചരിത്രം ചികഞ്ഞ് അല്പം പിന്നാലെ പോയാൽ എത്തി നിൽക്കുക എഡി 920 കളിലാണ്.

എഡി 920 ൽ കന്നഡ ഭാഷയിൽ ശിവകോടി ആചാര്യൻ എഴുതിയ വദ്ദാരാധന എന്ന പുസ്തകത്തിലാണ് ഇഡ്ഡലിക എന്ന പേരിൽ ഇഡ്ഡലി പ്രത്യക്ഷപ്പെടുന്നത്.

എഡി 1130–ൽ പുറത്തിറങ്ങിയ സംസ്കൃതകൃതി മാനസോല്ലാസയിലും ഇഡ്ഡരികയെക്കുറിച്ചു പറയുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ് തമിഴ് കൃതികളിൽ ഇഡ്ഡലിയെ കുറിച്ചുള്ള വിവരണം വന്നത്.

പത്താം നൂറ്റാണ്ടിനും,പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ദക്ഷിണേന്ത്യയിലേക്കു വന്ന സൗരാഷ്ട്രൻ പട്ടു കച്ചവടക്കാരാണ് ഇഡ്ഡലി ദക്ഷിണേന്ത്യയിലെത്തിച്ചതെന്നും പറയപ്പെടുന്നുണ്ട്.

ഇഡഡ എന്ന പേരിൽ ഉഴുന്നും അരിയും അരച്ചു ചേർത്ത് ആവിയിൽ പുഴുങ്ങിയെടുത്ത ആഹാരം ഗുജറാത്തിലാണു രൂപം കൊണ്ടതെന്നും വാദമുണ്ട്.

ഭക്ഷണ ചരിത്രകാരനായ കെ.ടി. അചയയുടെ അഭിപ്രായത്തിൽ ഇഡ്ഡലി ജനിച്ചത് ഇന്തൊനേഷ്യയിലാണ്.

സംഗതി എന്തൊക്കെയായാലും ഇഡ്ഡലിയുടെ രുചിയിൽ മലയാളിക്ക് ഏറെ ഇഷ്ടം രാമശ്ശേരി ഇഡ്ഡലി തന്നെ.

ദോശയോളം വട്ടത്തിലുള്ള ഇഡ്ഡലി,പ്ലാച്ചിയിലയുടെ ഔഷധ ഗുണത്തിലൂടെയാണ് ഭക്ഷണപ്രിയർക്കു മുന്നിലെത്തുന്നത്.

മുതലിയാർ വംശത്തിൽപ്പെട്ടവരാണ് രാമശ്ശേരി ഇഡ്ഡലിക്ക് തുടക്കമിട്ടത്.മൺപാത്ര നിർമാണ വിദഗ്ധർ പ്രത്യേകം പ്രത്യേകം തയാറാക്കിയെടുത്ത, പുട്ടുകുടം പോലെ വായുള്ള പാത്രത്തിലാണ് ഇഡ്ഡലി വേവിക്കുന്നത്.

ഇഡ്‍ഡലി ഓടിൽ ചെറിയ വെള്ളത്തുണി വിരിച്ചു വട്ടത്തിൽ മാവുപരത്തിയ ശേഷം നീളമുള്ള പാത്രം കൊണ്ട് മൂടി വയ്ക്കും.

നാല് ഇഡ്ഡലിയും ഒരുമിച്ചു വേവിക്കാൻ പറ്റുന്ന വിധം അടുക്കുകളായാണ് മാവ് പരത്തുക.ഔഷധ ഗുണമുള്ള പ്ലാച്ചി ഇലയിലേക്കാണ് പാകമായ ഇഡ്ഡലി ആദ്യം വിളമ്പിയെടുക്കുക.തേങ്ങകൊണ്ടുള്ള കട്ടിചട്നിയും അരിയും മുളകും ചേർത്തരച്ച പൊടിയുമാണ് ഇതിനു കൂട്ടായി നൽകുക.

സമീകൃതാഹാരം തേടുന്ന മലയാളിക്ക് മുൻപിൽ ആദ്യം എത്തുന്ന വിഭവവും ഇഡ്ഡലിയും,സാമ്പാറും തന്നെ.ആധുനികവൽക്കരണം മലയാളിയുടെ ആഹാരക്രമങ്ങളെയും മാറ്റിമറിച്ചെങ്കിലും ഇഡ്ഡലി പെരുമ ഇന്നും നിർത്താതെ മുന്നോട്ട് തന്നെ.

478 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close