Special

യത്രയത്ര രഘുനാഥകീർത്തനം

ഇന്ന് ഹനുമജ്ജയന്തി

ജനിച്ചു വീണപ്പോൾ തന്നെ സൂര്യനെ നോക്കി പാഞ്ഞ അത്ഭുത ശിശു ഇന്ദ്രന്റെ വജ്രായുധം തട്ടി താടിക്ക് പരിക്കേറ്റ് വീണപ്പോൾ പുത്രസ്നേഹത്താൽ മകനെയുമെടുത്ത് വായുദേവൻ അന്തർദ്ധാനം ചെയ്തു. വീർപ്പുമുട്ടിയ ലോകത്തെ രക്ഷിക്കാൻ ത്രിമൂർത്തികൾ ഇടപെട്ടു . വജ്രം ഹനു അഥവാ താടിയിലേറ്റതിനാൽ ഹനുമാൻ എന്ന പേരും വായുപുത്രനു നൽകി.

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ അനുഗ്രഹത്തോടെ സൂര്യഭഗവാനിൽ നിന്നു തന്നെ വിദ്യ അഭ്യസിച്ച് സുഗ്രീവഭൃത്യനായി പിന്നീട് ശ്രീരാമദൂതനായി സീതയെ കണ്ട്, ലങ്കാദഹനം നടത്തി രാവണപുത്രനെ നിഗ്രഹം ചെയ്ത് ചൂഡാമണിയുമായി തിരിച്ചെത്തി “ കണ്ടേനഹം സീതയെ “ എന്ന് അത്യാഹ്ളാദത്തോടെ ശ്രീരാമസ്വാമിയെ അറിയിച്ച ശ്രീഹനുമാൻ തന്നെയാണ് രാമായണത്തിലെ ഏറ്റവും തേജസ്സുറ്റ കഥാപാത്രമെന്നതിൽ സംശയമില്ല.

സീതയെ തിരഞ്ഞ് നടന്ന ശ്രീരാമ ലക്ഷ്മണന്മാർക്കടുത്തേക്കെത്തുന്ന ബ്രഹ്മചാരിയായാണ് രാമായണത്തിൽ ഹനുമാന്റെ രംഗപ്രവേശം. വിനയവും അറിവും കണ്ട് ശ്രീരാമചന്ദ്രൻ ഹനുമാനെ നിരീക്ഷിക്കുന്നതിങ്ങനെ..

“പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!
നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.
ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം”

വന്നവർ അപകടകാരികളല്ലെന്ന് തീർച്ചപ്പെടുത്തിയ ഹനുമാൻ തന്നെ പരിചയപ്പെടുത്തുമ്പോഴാണ് ഹനുമാനെന്ന നാമം ആദ്യമായി രാമായണത്തിൽ വരുന്നത്.

പിന്നീട് രാമായണത്തിലെ ഓരോ സംഭവങ്ങളിലും അവിഭാജ്യ ഘടകമാണ് ശ്രീഹനുമാൻ .

ബാലിവധം നടത്തി തന്റെ രാജ്യാഭിഷേകം കഴിഞ്ഞതിനു ശേഷം സീതയെ തേടാൻ വാനരന്മാരെ എല്ലായിടത്തും അയക്കാമെന്നായിരുന്നു സുഗ്രീവന്റെ വാക്ക്. എന്നാൽ ദിവസങ്ങൾ കടന്നു പോയിട്ടും സുഗ്രീവൻ സുഖഭോഗങ്ങളിലാണ്ട് ജീവിച്ചു.

ശ്രീരാമനു കൊടുത്ത് വാക്ക് ഓർമ്മപ്പെടുത്തി സുഗ്രീവനെ ഭോഗാസക്ത ജീവിതത്തിൽ നിന്നും ഉണർത്തുന്നതും ഹനുമാനാണ് . വാക്ക് പാലിക്കാത്ത വാനരരാജാവിനെ കാണാൻ ക്രുദ്ധനായി ലക്ഷ്മണനെത്തിയപ്പോൾ താരയോടൊപ്പം സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടതും അഞ്ജനാപുത്രൻ തന്നെ .തന്റെ മനോഹരമായ പെരുമാറ്റം കൊണ്ട് ലക്ഷ്മണനെ കോപം ശമിപ്പിക്കാൻ മാരുതിക്ക് കഴിഞ്ഞു

സീതാന്വേഷണത്തിനു നൂറുയോജന ചാടി സീതയെ കണ്ടു വരാൻ നിയോഗം ലഭിച്ചതും അദ്വിതീയനായ ആ ശ്രീരാമ ഭക്തനാണ് . ശ്രീരാമരൂപം ഹൃദയത്തിലും രാമനാമം ചുണ്ടിലുമുണ്ടെങ്കിൽ താൻ ലോകം ജയിക്കുമെന്ന് പ്രഖ്യാപിച്ച് ലങ്കയിലേക്ക് ചാടിയ ആ ശ്രീരാമദൂതൻ വിജയിച്ചല്ലാതെ തിരിച്ചെത്തിയതുമില്ല.

രാമ രാവണയുദ്ധത്തിന്റെ ഗതിയിൽ വായുപുത്രനോളം പങ്കുവഹിച്ച മറ്റാരാണുള്ളത്. ധൂമ്രാക്ഷൻ,ജംബുമാലി,അകമ്പനൻ, കാലനേമി,നികുംഭൻ തുടങ്ങിയ രാക്ഷവീരന്മാരെ കാലപുരിക്കയച്ചതും മറ്റാരുമല്ല.

മേഘനാഥന്റെ ബ്രഹ്മാസ്ത്രത്താൽ ശ്രീരാമ ലക്ഷ്മണന്മാരും വാനരന്മാരും ബോധമറ്റു വീണപ്പോൾ രക്ഷകനായതും ഹനുമാൻ തന്നെ .രാവണ വധത്തിനു ശേഷം അയോദ്ധ്യയിൽ ശ്രീരാമപട്ടാഭിഷേക സമയത്ത് സ്വാമിയെ സേവിച്ച് അരികിൽ തന്നെ നിൽക്കുന്ന അഞ്ജനാപുത്രന്റെ രൂപം ഏത് ഭക്തനാണ് മറക്കാനാകുക ?

ശ്രീരാമനാമം ലോകത്ത് നിലനിൽക്കുന്നിടത്തോളം ലോകത്ത് നിലനിൽക്കാൻ അനുവാദം നേടിയ ശ്രീഹനുമാൻ ഭക്തജനലക്ഷങ്ങളുടെ ഹൃദയത്തിൽ ശക്തിയുടെ , സ്നേഹത്തിന്റെ , സേവനത്തിന്റെ ഭക്തിയുടെ , ആരാധനയുടെ മൂർത്തിയായി ചിരഞ്ജീവിയായി നിലകൊള്ളുന്നു

“മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി “

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close