ന്യൂ|ഡൽഹി : ചൈനീസ് അതിർത്തിയിൽ ഇന്ത്യ പടനീക്കം ശക്തമാക്കി. ടിബറ്റൻ മേഖലയിൽ ദിബാംഗ് ദൗ ദെലായി പ്രവിശ്യയിലാണ് കൂടുതൽ സൈനിക വിന്യാസവും പട്രോളിംഗും ഏർപ്പെടുത്തിയത്. അരുണാചൽ അതിർത്തിയിൽ ചൈനീസ് സൈന്യം സാന്നിദ്ധ്യം ശക്തമാക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി.
അതിർത്തിയിൽ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതും ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് ഹെലികോപ്ടറും ഉപയോഗിക്കുന്നുണ്ട്. ഡോക്‌ലാമിനു ശേഷം ഇന്ത്യൻ സൈന്യം പ്രദേശത്ത് സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട് . ഏതു തരത്തിലുള്ള സുരക്ഷ ഭീഷണിയും നേരിടാൻ സൈന്യം തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യ-ചൈന-മ്യാന്മാർ അതിർത്തിയിലാണ് പട്രോളിംഗ് ശക്തമാക്കിയത്. ചൈന ടിബറ്റൻ അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നുണ്ട് . ഇന്ത്യയും റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ഡോക്‌ലാമിൽ 74 ദിവസമായിരുന്നു ഇരു സൈന്യവും നേർക്കു നേർ നിലയുറപ്പിച്ചത് . പിന്നീട് നയതന്ത്രപരമായ ചർച്ചകൾക്ക് ശേഷമാണ് ഇരു സൈന്യങ്ങളും പിൻവാങ്ങിയത് . പാകിസ്ഥാൻ അതിർത്തിയിലല്ല ചൈനീസ് അതിർത്തിയിലാണ് ഇന്ത്യ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് കരസേന മേധാവി ബിപിൻ റാവത്തും വ്യക്തമാക്കിയിരുന്നു.















