കുവൈറ്റ് സിറ്റി : പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിയമസഭാ ധനകാര്യ സാമ്പത്തിക സമിതി കഴിഞ്ഞ ദിവസം അംഗീകരിച്ച നിര്‍ദ്ദേശം പാര്‍ലമെന്റ് നിയമകാര്യ സമിതി തള്ളി. ഇതോടെ പ്രവാസികള്‍ ആശങ്കയോടെ നോക്കികണ്ടിരുന്ന നിയമമാണ് ഇല്ലാതായത്.
നികുതി ചുമത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന അടിസ്ഥാനത്തില്‍ സമിതി അംഗീകരിച്ച് മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് നിയമകാര്യ സമിതി അംഗീകരിക്കാതെ തള്ളിയത്. കൂടാതെ പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയാല്‍ അത് താഴ്ന്ന വരുമാനമുള്ളവരെ സാരമായി ബാധിക്കുമെന്ന വാദം സമിതി അംഗീകരിക്കുകയും ചെയ്തു.
രാജ്യങ്ങള്‍ തമ്മിലുള്ള ധനകാര്യ കരാറുകള്‍ ഒഴികെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മാത്രമെ നികുതി ചുമത്തുകയുള്ളുവെന്നും ഇതുവഴി രാജ്യത്തിന് ഒരു വര്‍ഷം 19 ബില്യന്‍ കെഡി വരുമാനം ലഭിക്കുമെന്നുമായിരുന്നു ധനകാര്യ സമിതിയുടെ കണ്ടെത്തല്‍.
സമിതി അംഗീകരിച്ച നിര്‍ദേശപ്രകാരം 100 ദിനാറില്‍ താഴെയുള്ള ഇടപാടിന് ഒരുശതമാനവും 200ദിനാറില്‍ താഴെയുള്ള ഇടപാടിന് രണ്ടുശതമാനവും 300ദിനാറിനു താഴെ മുന്നുശതമാനവും 400 ദിനാറിനു താഴെ നാലുശതമാനവും നികുതി നല്കേണ്ടിയിരുന്നു. 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയായിരുന്നു നിര്‍ദേശിക്കപ്പെട്ടത്.
എന്നാല്‍ പാര്‍ലമെന്ററി ധനകാര്യ സാമ്പത്തിക സമിതിയുടെ അംഗീകാരം കൊണ്ടുമാത്രം തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ലായിരുന്നു. നിയമകാര്യ സമിതി ഈ റിപ്പോര്‍ട്ട് തള്ളിയതോടുകൂടി ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത പോലും ഇല്ലാതായിരിക്കുകയാണ്.