ബംഗളൂരു: സൂപ്പർ താരനിര അണിനിരന്നിട്ടും ഒരിക്കൽ പോലും കിരീടത്തിലെത്താനായിട്ടില്ല റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. സർവ സന്നാഹങ്ങളുമൊരുക്കിയാണ് ഇത്തവണ കോഹ്‍ലിയും സംഘവും ഇറങ്ങുന്നത്. എട്ടാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ബാംഗ്ലൂരിന്‍റെ എതിരാളികൾ.
കലാശപ്പോരിന് ഇറങ്ങിയത് മൂന്ന് തവണ, രണ്ട് തവണ പ്ലേ ഓഫ്… ലോകത്തെ ഏതൊരു ക്രിക്കറ്റ് ടീമിനെയും വെല്ലുവിളിക്കാൻ പോന്ന താരനിരയെ അണിനിരത്തിയിട്ടും കിരീടത്തിലെത്താനായില്ല റോയൽ ചലഞ്ചേഴ്സിന്.
രാഹുൽ ദ്രാവിഡിനും അനിൽ കുംബ്ലെയ്‌ക്കും വിരാട് കോഹ്‍ലിയ്‌ക്കും ടീമിനെ ഫൈനൽ വരെയെത്തിക്കാനായെങ്കിലും കപ്പുയർത്താനായില്ല. ഈ ദൗർഭാഗ്യത്ത മറികടക്കാനുറച്ചാണ് ഇത്തവണ റോയൽ സംഘം ഇറങ്ങുന്നത്.
കോഹ്‍ലി നയിക്കുന്ന ബാറ്റിംഗ് നിരയിൽ എബിഡിവില്ലിയേഴ്സും ബ്രണ്ടൻ മക്കല്ലവും, ക്വിന്‍റൺ ഡി കോക്കും പാഡണിയും, ഇവർക്കൊപ്പം മൻന്ദീപ് സിംഗും, സർഫ്രാസ് ഖാനും മനൻ വോറയും, മൊയിൻ അലിയും ചേരുന്നതോടെ ബാറ്റിംഗിന്‍റെ ആഴം വ്യക്തം. ബൗളിംഗിൽ യുസ്‍വേന്ദ്ര ചാഹലും, വാഷിംഗ്ടൺ സുന്ദറുമാണ് കോഹ്‍ലിയുടെ വജ്രായുധങ്ങൾ. ഓൾറൗണ്ട് മികവുമായി മൊയിൻ അലിയും ക്രിസ് വോക്സും കോളിൻ ഡി ഗ്രാന്തോമുമുണ്ട്. ഉമേഷ് യാദവ് നയിക്കുന്ന പേസ് പടയിൽ മുഹമ്മദ് സിറാജിനൊപ്പം നഥാൻ കോട്ടർനൈലും ടിം സൗത്തിയുമുണ്ട്.
സ്പിന്നിനെ തുണയ്‌ക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലകൻ ഡാനിയൽ വെട്ടോറിയുടെ തന്ത്രങ്ങൾ ചാഹലും സംഘവും നടപ്പാക്കിയാൽ ഹോം ഗ്രൗണ്ടിലെ മുന്നേറ്റം ബാംഗ്ലൂരിന് അനായാസമാകും.
ആരാധകർ കാത്തിരിക്കുന്നു, കൊഹ്‍ലിയുടേയും സംഘത്തിന്‍റെയും വെടിക്കെട്ടിനായി.















