ഹൈദരാബാദ്: ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഉദയസൂര്യന്മാരെ നേരിടാനിറങ്ങിയ റോയല്‍സിന് ദയനീയ തോല്‍വി. ബെന്‍ സ്റ്റോക്സും, രഹാനയും ജോസ് ബട്ലറുമുള്പ്പെട്ട റോയല്‍സ് ബാറ്റിംഗ് നിരയ്ക്ക് നിശ്ചിത ഓവറില്‍ ഉയര്‍ത്താനായത് 126 റണ്‍സ് വിജയലക്ഷ്യം മാത്രം. ടീമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയതാകട്ടെ 42 പന്തില്‍ 49 റണ്‍സ് അടിച്ച മലയാളി താരം സഞ്ജു വി സാംസണും. ക്യാപ്റ്റന്‍ രഹാനെ(13), രാഹുല്‍ ത്രിപാഠി(17), ശ്രേയസ് ഗോപാല്‍(18) എന്നിവര്‍ മാത്രമാണ് സഞ്ജുവിന് പുറമെ രാജസ്ഥാന് നിരയില്‍ രണ്ടക്കം കടന്നത്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗളും, ഷക്കീബ് അല്‍ ഹസനുമാണ് റോയല്‍സ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
ഹോം ഗ്രൗണ്ടില്‍ ആദ്യ ജയം ലക്ഷ്യമിട്ട ഹൈദരാബാദിന് 5 റണ്‍സ് എടുത്തുനില്‍ക്കെ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് നഷ്ടമായി. ഇതൊഴിച്ചാല്‍ മറ്റ് തിരിച്ചടികളൊന്നും ഹൈദരാബാദിനുണ്ടായില്ല. 57 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്സറും പറത്തി 77 റണ്‍സെടുത്ത ധവാനും 35 പന്തില്‍ 36 റണ്‍സെടുത്ത വില്യംസണും സണ്‍റൈസേഴ്സിന് അനായാസ വിജയം നേടിക്കൊടുത്തു.