മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് നാല് റൺസിന്റെ നാടകീയ ജയം. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 193 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 33 പന്തിൽ നിന്നും 63 റൺസെടുത്ത ക്രിസ് ഗെയ് ലാണ് കളിയിലെ താരം.
ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് ക്രിസ് ഗെയ് ലിന്റെ ബാറ്റിംഗ് വെടിക്കെട്ട്. അവസാന പന്ത് വരെ വീറോടെ പോരാടി എം എസ് ധോണി… ഒടുവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് നാടകീയ ജയം.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. സ്കോർ ബോർഡിൽ 56 റൺസ് ചേർക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ചെന്നൈയെ ജയത്തിനരികെ എത്തിച്ചത് ധോണിയുടെ ഇന്നിംഗ്സ്. അമ്പാട്ടി റായിഡുവിനെയും രവീന്ദ്ര ജഡേജയും കൂട്ടുപിടിച്ച് ധോണി പട നയിച്ചു.
അവസാന 30 പന്തിൽ നിന്നും 76 റൺസ് എന്ന നിലയിൽ നിന്നും ഒരു ഓവറിൽ 17 റൺസ് എന്ന നിലയിലേക്ക് മുന്നേറാനായെങ്കിലും മോഹിത് ശർമയുടെ ഓവറിൽ ധോണിയ്ക്ക് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ രണ്ടു പന്തുകളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ധോണി 44 പന്തിൽ നന്നും 79 റൺസ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ക്രിസ് ഗെയ് ലിന്റെയും ലോകേഷ് രാഹുലിന്റെയും തകർപ്പൻ ബാറ്റിംഗാണ് മികച്ച സ്കോർ സമ്മാനിച്ചത്. 7 ബൗണ്ടറികളും നാലു സിക്സുകളുമടക്കം 63 റൺസുമായി ഗെയ്ൽ പഞ്ചാബിലെ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി.















