ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം. 168 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന് മറികടന്നു. അജിങ്ക്യാ രഹാനെയുടേയും രാഹുല്‍ ത്രിപാഠിയുടേയും വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായ രാജസ്ഥാന് കരുത്തായത് സഞ്ജുവിന്റെയും ബെന്‍ സ്റ്റോക്സിന്റെയും കൂട്ടുകെട്ട്. സഞ്ജു 52 ഉം സ്റ്റോക്സ് 40 ഉം റണ്‍സ് എടുത്തു. രണ്ടാം സ്പെല്ലിനെത്തിയ ജസ്പ്രീത് ബുംറ സഞ്ജുവിനെയും ജോസ് ബട്ലറെയും പുറത്താക്കി രാജസ്ഥാനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറില്‍ ഹെന്‍ട്രി ക്ലാസനെ മുസ്തഫിസൂര്‍ പുറത്താക്കിയതോടെ രാജസ്ഥാന് പതറി. ഒടുവില്‍ ആര്‍ച്ചറെ കൂട്ടുപിടിച്ച് കൃഷ്ണപ്പ ഗൗതം പൊരുതിയതോടെ മത്സരം രാജസ്ഥാന് വീണ്ടെടുത്തു. 11 പന്തില്‍ നിന്നും 33 റണ്‍സാണ് കൃഷ്ണപ്പ ഗൗതം അടിച്ചു നേടിയത്. ബുംറയും മുത്സഫിസുറും ഹാര്‍ദിക് പാണ്ഡ്യയുമെറിഞ്ഞ ഡെത്ത് ഓവറുകളില്‍ നാലു ബൗണ്ടറികളും രണ്ട് സിക്സറുമാണ് ഗൗതം പറത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കം പിഴച്ചിരുന്നു. എവിന്‍ ലൂയിസ് പൂജ്യത്തിന് പുറത്തായി. ഇഷാന്ത് കിഷനും സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചതോടെ മുംബൈ കരകയറി. 58 റണ്‍സുമായി ഇഷാന്ത് കിഷനും 72 റണ്‍സുമായി സൂര്യകുമാര്‍ യാദവും മടങ്ങിയതിന് പിന്നാലെ രോഹിത് ശര്‍മയും പുറത്ത്. 19ാം ഓവറില്‍ കൃണാല്‍ പാണ്ഡ്യയേയും, ഹാര്‍ദ്ദിക് പാണ്ഡ്യയേയും മക്ലനഗനെയും
പുറത്താക്കി ബാര്‍ബഡോസ് താരം ആര്‍ച്ചര്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി.