ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന് തുടര്‍ച്ചയായ നാലാം ജയം. അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാലു റണ്‍സിനാണ് പഞ്ചാബ് കീഴടക്കിയത്. ഇതോടെ ആറു മത്സരങ്ങളില്‍ നിന്നും അഞ്ചു ജയവുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്‍സ് എടുത്തത്. 34 റണ്‍സ് എടുത്ത കരുണ്‍ നായരാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍.
എന്നാല്‍ കരുത്തുറ്റ പഞ്ചാബ് ബാറ്റിംഗ് നിരയെ 143 റണ്‍സിലൊതുക്കിയ ഡല്‍ഹി ബൗളര്‍മാരുടെ പോരാട്ടവീര്യത്തിന് ഒപ്പം നില്ക്കാന് ഗൗതം ഗംഭീറിനും സംഘത്തിനുമായില്ല. ഗംഭീറും ഋഷഭ് പന്തും നാലു റണ്‍സ് വീതവും മാക്സ് വെല്‍ 12ഉം റണ്‍സിന് പുറത്തായതോടെ ഡല്‍ഹിയുടെ വിധി നിര്‍ണയിക്കപ്പെട്ടു.
ഡാന്‍ ക്രിസ്റ്റ്യനെയും രാഹുല്‍ ട്വിറ്റയേയും കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ പൊരുതിയതോടെ ഡല്‍ഹിയ്ക്ക് വീണ്ടും പ്രതീക്ഷയായി. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ മുജീബ് റഹ്മാന്റെ രണ്ടാം പന്ത് ശ്രേയസ് സിക്സറിന് പറത്തി. നാലാം പന്തില്‍ ഡബിളും അഞ്ചാം പന്തില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയും. ജയം അഞ്ച് റണ്‍സ് അകലെ നില്‍ക്കെ അവസാന പന്ത് ലോംഗ് ഓഫിലേക്ക് ഉയര്‍ത്തിയടിച്ച ശ്രേയസിന് പിഴച്ചു. പന്ത് അരോണ്‍ ഫിഞ്ചിന്റെ കൈയ്യില്‍ ഭദ്രം. പഞ്ചാബിന്റെ ജയം നാലു റണ്‍സിന്.
അതേ സമയം പത്ത് പന്തില്‍ നിന്ന് 22 റണ്‍സുമായി ഇന്ത്യയുടെ അണ്ടര്‍ 19 നായകന് പൃഥ്വി ഷാ ഡല്‍ഹിക്കായുള്ള അരങ്ങേറ്റ മത്സരം ശ്രദ്ധേയമാക്കി.