Special

ക്രീസിലെ ദൈവത്തിന് ഇന്ന് പിറന്നാൾ

ലോക ക്രിക്കറ്റ് പ്രേമികൾക്ക് രണ്ടര പതിറ്റാണ്ടോളം കളിവിരുന്ന് നൽകിയ സച്ചിൻ രമേഷ് ടെണ്ടുൽക്കറിന് ഇന്ന് നാൽപ്പത്തി അഞ്ച് വയസ്സ് തികയുകയാണ് . അനുപമമായ ബാറ്റിംഗും കളിയോട് നൂറു ശതമാനം ആത്മാർത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യതയും മാസ്റ്റർ ബ്ലാസ്റ്ററുടെ സവിശേഷതകളാണെന്ന് കടുത്ത എതിരാളികൾ പോലും സമ്മതിക്കും.

ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായിരുന്ന പാക് സ്പിന്നർ അബ്ദുൾ ഖാദിറിനെ സച്ചിൻ ഒരോവറിൽ നാലുവട്ടം ഗ്യാലറിയിലേക്ക് പറത്തുന്നതിന് നോൺ സ്ട്രൈക്കിംഗ് എൻഡിൽ നിന്ന് സാക്ഷ്യം വഹിച്ചത് ആക്രമണോത്സുക ബാറ്റിംഗിന് പുതിയ മാനം നൽകിയ സാക്ഷാൽ കൃഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു . സച്ചിന്റെ ബാറ്റിംഗ് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നുവെന്നാണ് ശ്രീകാന്ത് പിന്നീട് പറഞ്ഞത്. ജീവിതത്തിലെ തന്നെ നല്ല പന്തുകളാണ് എറിയാൻ ശ്രമിച്ചതെന്നും പക്ഷേ അതെല്ലാം ഗ്യാലറിയിലാണ് അവസാനിച്ചതെന്നും അബ്ദുൾ ഖാദിർ പിന്നീടൊരു ടിവി ഇന്റർവ്യൂവിൽ പറഞ്ഞു.

സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന്റെ പേടി സ്വപ്നങ്ങളിൽ ഇടം പിടിക്കാൻ ഒരു പക്ഷേ മറ്റൊരു ബാറ്റ്സ്മാനും കഴിഞ്ഞിട്ടുണ്ടാവില്ല. 1998 ൽ പെപ്സി ട്രയാംഗുലർ സീരീസിൽ തന്റെ ലെഗ്സ്പിന്നും ഗൂഗ്ലികളും ഗ്യാലറിയിലാർക്കുന്ന കാൺപൂരിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ അപ്രത്യക്ഷമാകുന്നത് അവിശ്വസനീയതോടെ കണ്ടുനിന്ന ഷെയ്ൻ വോൺ പിന്നീട് പറഞ്ഞത് , സച്ചിനെപ്പോലൊരാൾ ഇനിയുണ്ടാവില്ല എന്നായിരുന്നു.

കോപ്പി ബുക്ക് ശൈലിക്കൊപ്പം ആക്രമണോത്സുകതയും സമന്വയിപ്പിച്ച ബാറ്റിംഗ് , ഫോളോ ത്രൂ ഇല്ലാത്ത സ്ട്രെയ്റ്റ് ഡ്രൈവ് , ചടുലമായ ചലനം കൊണ്ട് അനായാസമെന്ന് തോന്നിപ്പിക്കുന്ന ഫ്ളിക്കുകൾ , പന്തിനെ തഴുകിയകറ്റുന്ന ഗ്ലാൻസുകൾ , ഒറ്റക്കാലിൽ നൃത്തം ചവിട്ടുന്ന പുള്ളുകൾ , ബാക്ക് ഫൂട്ട് ഓഫ്ഡ്രൈവുകൾ , സുന്ദരമായ കവർ ഡ്രൈവുകൾ, വന്യമായ സ്ക്വയർ കട്ടുകൾ , കീപ്പറുടെ മുകളിൽ കൂടി പന്തിനെ തള്ളിവിടുന്ന അപ്പർ കട്ടുകൾ , സ്പിൻ ബൗളറുടെ മനം തകർക്കുന്ന പാഡിൽ സ്വീപ്പ് , പിന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വെരി വെരി സ്പെഷ്യൽ ടെണ്ടുൽക്കർ ഷോട്ടുകൾ. ക്രിക്കറ്റിന്റെ ദൈവം എന്ന് സച്ചിനെ വിളിച്ചതിൽ ദൈവത്തിനു പോലും പരിഭവമുണ്ടാകാൻ സാദ്ധ്യതയില്ല.

സച്ചിനെക്കുറിച്ച് എത്രകേട്ടാലും മതിവരാത്ത ക്രിക്കറ്റ് ആരാധകർക്ക് ഇപ്പോളും പഞ്ഞമില്ല . വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രകടനത്തെ എങ്ങനെ കമന്ററിയിലൂടെ വരച്ചു കാട്ടുമെന്ന് ചിന്തിച്ച് വാക്കുകൾ കിട്ടാതലഞ്ഞ കളി പറച്ചിൽക്കാർ ചിലപ്പോൾ ആശ്വസിക്കുന്നുണ്ടാകാം. എന്തായാലും പതിനാറുമാസമായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ ഗ്യാലറിയിലെ സാന്നിദ്ധ്യം പോലും ആരവങ്ങളുടെ അലകടൽ തീർക്കുന്നുണ്ടെന്നത് പരമമായ സത്യമാണ്.

അതെ… ഇതിഹാസങ്ങൾക്ക് വിരാമമില്ല. സച്ചിനും

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close