ബംഗലുരു: ഐപിഎല്ലില്‍ റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. ചലഞ്ചേഴ്സ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. 34 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ധോനിയുടെയും 53 പന്തില്‍ 82 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെയും പ്രകടനമാണ് ചെന്നൈക്ക് മികച്ച വിജയം സമ്മാനിച്ചത്. അവസാനം ഇറങ്ങി ഏഴു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് ബ്രാവോയും പുറത്താകാതെ നിന്നു.
ഈ ജയത്തോടെ പഞ്ചാബിനെ പിന്തള്ളി ചെന്നൈ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഷെയന്‍ വാട്സണ് (നാല് പന്തില്‍ ഏഴ്), സുരേഷ് റെയ്ന (ഒന്‍പതു പന്തില്‍ 11), സാം ബില്ലിങ്സ് (ഏഴ് പന്തില്‍ ഒന്‍പത്), രവീന്ദ്ര ജഡേജ (അഞ്ചു പന്തില്‍ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ സ്കോറുകള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് എബി ഡിവില്ലിയേഴ്സ്, ക്വിന്റണ്‍ ഡികോക് എന്നിവരുടെ പ്രകടനങ്ങളാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഡിവില്ലിയേഴ്സ് 30 പന്തുകളില്‍ നിന്ന് 68 റണ്‍സും ഡികോക് 37 പന്തില്‍ നിന്ന് 53 റണ്‍സും എടുത്ത് പുറത്തായി. മന്ദീപ്(32), കോലി(18), സുന്ദര്‍(13) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ചെന്നൈയ്ക്കായി ഠാക്കൂര്‍, താഹിര്‍, ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.