Sports

ഐപിഎൽ ആദ്യ പകുതി പിന്നിടുമ്പോൾ; ബാറ്റിംഗ് കരുത്തിൽ ചെന്നൈയും ബൗളിംഗ് മികവിൽ സൺറൈസേഴ്സും പ്ലേ ഓഫിലേക്ക്

ഐപിഎൽ ആദ്യ പകുതി പിന്നിടുമ്പോൾ ബാറ്റിംഗ് കരുത്തിൽ ചെന്നൈയും ബൗളിംഗ് മികവിൽ സൺറൈസേഴ്സും പ്ലേ ഓഫിലേക്ക് കുതിക്കുന്നു. തൊട്ടുപിന്നിൽ പഞ്ചാബും. കിരീടം ലക്ഷ്യമിട്ട മുംബൈയ്ക്കും, ബാംഗ്ലൂരിനും സാധ്യത നിലനിർത്താൻ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചേ തീരൂ…

ചെന്നൈയുടെ മുന്നേറ്റത്തിൽ കരുത്തായത് അമ്പാട്ടി റായിഡുവും, സുരേഷ് റെയ്നയും, ഷെയ്ൻ വാട്സനും, എം എസ് ധോണിയുമുൾപ്പെട്ട ബാറ്റിംഗ് നിര. ബൗളർമാരും ഓൾറൗണ്ടർമാരും അവസരത്തിനൊത്ത് ഉയരുന്നു.

ബൗളർമാരുടെ ചിറകിലേറിയാണ് സൺറൈസേഴ്സിന്റെ കുതിപ്പ്. എതിരാളികളെ 140 റൺസിൽ താഴെ ചുരുട്ടിക്കൂട്ടി ജയം പിടിച്ചത് അഞ്ച് മത്സരങ്ങളിൽ. ബാറ്റിംഗ് പറുദീസയിൽ പോലും റാഷിദ് ഖാനും, ഷക്കീബ് അൽ ഹസനും, ഭുവനേശ്വർ കുമാറും ബേസിൽ തമ്പിയുമൊക്കെ മത്സരം നിയന്ത്രിക്കുന്ന കാഴ്ച.

പഞ്ചാബിന്റെ മുന്നേറ്റവും ബാറ്റ്സ്മാന്മാരുടെ കരുത്തിൽ. സീസണിലെ ആദ്യ സെഞ്ചുറിയുമായി മധുര പ്രതികാരത്തോടെ ക്രിസ് ഗെയ്ൽ, കോടികളുടെ മൂല്യം ബാറ്റിംഗിൽ തെളിയിച്ച് ലൊകേഷ് രാഹുൽ…  പിന്നെ കരുൺ നായരും മായങ്കുമൊക്കെ… യുവരാജും അരോൺ ഫിഞ്ചും നിറം മങ്ങിയിട്ടും ഏഴിൽ അഞ്ചു മത്സരവും പഞ്ചാബ് ജയിച്ചുകയറി.

ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിക്കാനായാൽ മൂന്ന് ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാനാകും.

സ്ഥിരതയില്ലായ്മ പ്രകടമാണെങ്കിലും കൊൽക്കത്തയ്ക്കോ രാജസ്ഥാനോ, ബാംഗ്ലൂരിനോ പ്ലേ ഓഫ‌് ഏറെ വിദൂരത്തല്ല. പിന്നിട്ടുനിന്ന ശേഷം തുടർ വിജയങ്ങളിലൂടെ കിരീടം നേടിയിട്ടുള്ള കൊൽക്കത്തയുടെ പാരമ്പര്യം നിലനിർത്തണമെങ്കിൽ ആന്ദ്രെ റസലിൻ്റെ ബാറ്റിംഗ് പവർപ്ലേ മാത്രം പോര. റോബിൻ ഉത്തപ്പയും ക്രിസ് ലിനും, ദിനേശ് കാർത്തിക്കുമൊക്കെ കൈമെയ് മറന്ന് പൊരുതേണ്ടിയിരിക്കുന്നു. സ്പിന്നർമാർക്കൊപ്പം ടീമിലെ പേസർമാരും വിശ്വാസം കാക്കേണ്ടതുമുണ്ട്.

യുവനിരയുമായി പോരാട്ടത്തിനിറങ്ങിയ രഹാനെയും സംഘവും ഒറ്റയാൾ പോരാട്ടങ്ങളിലാണ് മുന്നേറ്റം. രഹാനെയും സഞ്ജുവും മികവ് ആവർത്തിക്കുമ്പോഴും കോടികളുടെ മൂല്യമുള്ള ബെൻ സ്റ്റോക്സസിനും, ജോസ് ബട്ലറും ഡാർസി ഷോർട്ടും ഒപ്പം ചേരുന്നില്ല. രാജസ്ഥാന് ശേഷിക്കുന്ന മത്സരങ്ങളിൽ നാലണ്ണമെങ്കിലും ജയിച്ചേ തീരു.

വിരാട് കോഹ് ലിയും, എബി ഡിവില്ലിയേഴ്സും, ബ്രണ്ടൻ മക്കല്ലവും ബാറ്റിംഗ് ലൈനപ്പിലുണ്ടെങ്കിലും മുടന്തുകയാണ് ബാംഗ്ലൂർ. കളിച്ച എട്ട് മത്സരങ്ങളിൽ അഞ്ചിലും തോറ്റു. മുംബൈയ്ക്കെതിരെ ജയിക്കാൻ കാട്ടിയ വീറും വാശിയും തുടർന്നാൽ ബാംഗ്ലൂരിന് അവസാന നാലിൽ ഇടം പിടിക്കാം.

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുംബൈയും ഡൽഹിയും പ്ലേഓഫിലെത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം. തിരിച്ചുവരവിലൂടെ കപ്പ് നേടിയ പഴയ ചരിത്രം ആവർത്തിക്കണമെങ്കിൽ രോഹിതും സംഘവും ആത്മവിശ്വാസം വീണ്ടെടുത്തേ മതിയാവു. ഡൽഹിയ്ക്കും ഇനി ഏറെ പ്രതീക്ഷയില്ല. ഒരു തോൽവി പോലും പുറത്തേക്കുള്ള വഴിയാണ്.

മുംബൈ കൈവിട്ട അമ്പാട്ടി റായിഡുവും ബാംഗ്ലൂർ കൈവിട്ട ക്രിസ് ഗെയ് ലുമാണ് സീസണിന്റെ ആദ്യ പകുതിയിലെ താരങ്ങൾ… തിരിച്ചുവരവിന്റെ പാഠം പഠിക്കേണ്ടത് ഇവരിൽ നിന്നാണ്…

544 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close