ന്യൂഡല്‍ഹി: രാജസ്ഥാന് റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് നാല് റണ്‍സിന്റെ ജയം. മഴയെ തുടര്‍ന്ന്, 12 ഓവറില്‍ 151 റണ്‍സ് എന്ന പുനര്‍നിര്‍ണയിച്ച സ്കോറിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് നാലു റണ്‍സ് അകലെ 146 എന്ന സ്കോറില്‍ പോരാട്ടം അവസാനിപ്പിച്ചു. സ്കോര്‍; ഡല്‍ഹി 17.1 ഓവറില്‍ 196/6. രാജസ്ഥാന് 12 ഓവറില്‍ 146/5.
ഓപ്പണര്‍ ജോസ് ബട്ലറും(26 പന്തില്‍ 67) ഡാര്‍സി ഷോട്ടും രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 82 റണ്‍സ് നേടി. വൈകാതെ തന്നെ ബട്ലര് പുറത്തായി. സഞ്ജുവിനെ(3) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ അതേ ഓവറിന്റെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്സിനെയും ബോള്‍ട്ട് തന്നെ പുറത്താക്കി. ഗ്ലെന്‍ മാക്സ്വെല് എറിഞ്ഞ പത്താം ഓവറില്‍ ഷോട്ടും പുറത്തേക്ക്. 25 പന്ത് നേരിട്ട ഷോട്ട് 44 റണ്‍സാണ് നേടിയത്. ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സ് എടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളു.
അതേ സമയം, ഡല്‍ഹിയുടെ യുവനിര കളിക്കളത്തില്‍ ആഞ്ഞടിക്കുകയായിരുന്നു. ഋഷഭ് പന്ത് (29 പന്തില്‍ 69) പൃഥ്വി ഷാ (25 പന്തില്‍ 47) ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (35 പന്തില്‍ 50) എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ (ആറ് പന്തില്‍ 17 ) റണ്‍സും നേടി.