ഇൻഡോർ : ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോഡിനു വേണ്ടി മത്സരിക്കുന്നവരാണ് ബംഗളൂരുവിന്റെ കോഹ്‌ലിയും ചെന്നൈയുടെ സുരേഷ് റെയ്നയും. ഇരുവരുടേയും ടീമുകൾ ഇന്നേറ്റുമുട്ടിയപ്പോൾ അധികം സ്കോർ ചെയ്യാൻ രണ്ടു പേർക്കും കഴിഞ്ഞതുമില്ല.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനു വേണ്ടി വിരാട് കോലിക്ക് നേടാനായത് എട്ടു റൺസ് . രവീന്ദ്ര ജഡേജയുടെ ഉഗ്രൻ ഒരു പന്തിൽ ബൗൾഡായാണ് ക്യാപ്ടൻ മടങ്ങിയത്. അതേ സമയം ചെന്നൈക്ക് വേണ്ടി 25 റൺസ് നേടാൻ സുരേഷ് റെയ്നക്ക് കഴിഞ്ഞു.
ഉമേഷ് യാദവിന്റെ പന്ത് ക്രീസിൽ ലെഗ്സൈഡിലേക്ക് മാറി ലോംഗോണിലേക്ക് തൂക്കിയടിച്ച റെയ്ന സിക്സറാണെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. ബൗണ്ടറിയിൽ നിന്ന ടിം സൗത്തി നീളത്തിന്റെ സഹായത്തോടെ പന്ത് ചാടിപ്പിടിച്ചു. സമനില തെറ്റി ബൗണ്ടറിക്ക് പുറത്തേക്ക് വീഴാൻ പോയ സൗത്തി പന്ത് മുകളിലേക്കെറിഞ്ഞ് വീണ്ടും ഗ്രൗണ്ടിലേക്ക് ചാടി പന്ത് പിടിച്ചു.അവിശ്വസനീയമായ ക്യാച്ച് കണ്ട് ഹതാശനായി റെയ്ന പവലിയനിലേക്കും മടങ്ങി.
നിലവിൽ 4801 റൺസുമായി റെയ്നയാണ് റൺവേട്ടക്കാരിൽ മുമ്പൻ .4775 റൺസുമായി വിരാട് കോലി തൊട്ടു പിന്നിലുണ്ട്.















