ഇൻഡോർ : രവീന്ദ്ര ജഡേജ ഇന്ന് ഫുൾ ഫോമിലായിരുന്നു. ജഡേജ എറിഞ്ഞ ഓഫ് സ്റ്റമ്പിൽ പിച്ച് ചെയ്ത പന്തിന്റെ ഗതി വേഗം പിടികിട്ടാതെ കുഴഞ്ഞ് സ്റ്റമ്പിൽ പന്ത് കൊള്ളുന്നത് കാണേണ്ടി വന്നത് ചെറിയൊരു മീനല്ല. ലോകത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ വിരാട് കോലിയാണ് . ഇന്ത്യൻ ടീം ക്യാപ്ടൻ.
കോലിയെ മാത്രമല്ല മുൻ നിര താരങ്ങളായ മറ്റ് രണ്ടു പേരെക്കൂടി ജഡേജ പുറത്താക്കി. അർദ്ധ സെഞ്ച്വറിയുമായി ഫോമിലേക്കുയർന്ന പാർത്ഥിവ് പട്ടേലിനേയും ഓൾ റൗണ്ടർ മൻദീപ് സിംഗിനേയും ജഡേജ തന്നെയാണ് പുറത്താക്കിയത്. കളിയിലെ മാൻ ഓഫ് ദ മാച്ചും ജഡേജ തന്നെയാണ്.
കോലിയെ പുറത്താക്കിയതിനു ശേഷം ജഡേജയുടെ ഭാവം ഒന്നു വേറെ തന്നെയായിരുന്നു. അതിന്റെ അർത്ഥമെന്തെന്ന് ക്രിക്കറ്റ് പ്രേമികൾ ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ടീമിലെടുക്കാത്തവർ കണ്ടോളൂ എന്റെ കളി എന്നാണെന്ന് ചില വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. എന്തായാലും തന്നെ കബളിപ്പിച്ച ജഡേജയുടെ പന്ത് കോലിയുടെ ഉറക്കം കുറച്ചെങ്കിലും കെടുത്തുമെന്നതിൽ സംശയമില്ല.















