IndiaSpecial

കന്നഡം കടക്കാൻ

സവ്യസാചി & ടീം

ഗുജറാത്ത് , ത്രിപുര തെരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെ ശ്രദ്ധേയരായ സവ്യസാചി & ടീമിന്റെ കർണാടക തെരഞ്ഞെടുപ്പ് വിശകലനം ജനം ടിവി ഓൺലൈനിൽ  പരമ്പരയായി പ്രസിദ്ധീകരിക്കുന്നു
—————————————————————————————————————————————-
രാജ്യം ഒന്നാകെ ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പിനാണ് കർണ്ണാടക സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന പോരാട്ടങ്ങളിലൊന്നായാണ് ബിജെപിയും കോൺഗ്രസും മെയ് 12 ന് നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.

ദക്ഷിണേന്ത്യയിൽ താരതമ്യേന ദുർബലരെന്ന വിശേഷണത്തെ മായ്ച്ചു കളയാൻ ബിജെപിയും തങ്ങളുടെ കൈവശം ആകെയുള്ള 3 സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം കൈവിട്ടു പോകാതിരിക്കാൻ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് മാസത്തോളമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെ നേടുന്ന വിജയം രണ്ട് പാർട്ടികൾക്കും നിർണ്ണായകമാകുന്നതും ഈ കാരണം കൊണ്ടുതന്നെയാണ്.

2013 ലെ തിരഞ്ഞെടുപ്പിൽ, തത്വത്തിൽ 3 പാർട്ടികളായി മത്സരിച്ച ബിജെപിയെ പുഷ്പം പോലെ മറികടന്നാണ് കോൺഗ്രസ് 122 സീറ്റുകളും, 36.59% വോട്ടുകളുമായി അധികാരം പിടിച്ചെടുത്തത്. ബിജെപിയെ പിന്തള്ളി 42 സീറ്റുകളും, 20.19% വോട്ടുകളുമായി ജെഡിഎസ് രണ്ടാം സ്ഥാനം പിടിച്ചെടുത്തു. 40 സീറ്റുകളും 19.89% വോട്ടുകളുമായി ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യെദിയൂരപ്പയുടെ KJP ക്ക് 9.79% വോട്ടും 6 സീറ്റുകളും നേടാനായപ്പോൾ ശ്രീരാമലുവിന്റെ BSRCP ക്ക് 2.69% വോട്ടും 4 സീറ്റുകളും കരസ്ഥമാക്കാനായി. ഈ രണ്ടു കക്ഷികളുടെയും സാന്നിദ്ധ്യം 52 മണ്ഡലങ്ങളിൽ ബിജെപിയുടെ പരാജയം ഉറപ്പിക്കുന്നതിൽ നിർണ്ണായകമായി എന്നതുകൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്.

എന്നാൽ ഇത്തവണ ഈ രണ്ട് പാർട്ടികളുടെയും സുപ്രധാന നേതാക്കളാണ് (യെദിയൂരപ്പയും, ശ്രീരാമലുവും) ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും, ‘അനാദ്യോഗിക’ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായും മത്സരിക്കുന്നതെന്നതാണ് ഏറ്റവും രസകരമായ കാര്യങ്ങളിലൊന്ന്. ഇവരുടെ പാർട്ടികളായ KJPയും, BSRCP യും BJPയിൽ ലയിച്ചതിനെത്തുടർന്ന് 2008ലേതിനു സമാനമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ പാർട്ടിക്കായിട്ടുണ്ട്.

ഇതേസമയം സിദ്ധരാമയ്യയുടെ ‘സദ്’ ഭരണത്തിൽ വിശ്വാസമർപ്പിച്ചാണ് കോൺഗ്രസ് മുന്നോട്ട് നീങ്ങുന്നത്. ഒരർത്ഥത്തിൽ സിദ്ധരാമയ്യ തന്നെയാണ് കർണ്ണാടക കോൺഗ്രസ്. വർഷങ്ങൾക്കു മുൻപ് ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം പിന്നീട് കോൺഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി മാറുകയായിരുന്നു. ലിംഗായത്ത് മതാഹ്വാനമെന്ന ‘മാസ്റ്റർ സ്ട്രോക്കിലൂടെ’ ബിജെപിയെ ആദ്യമൊന്നമ്പരപ്പിക്കാൻ അദ്ദേഹത്തിനായി. സംസ്ഥാനത്തിന് സ്വന്തമായൊരു കൊടി, ഹിന്ദിയെ അവഗണിച്ച് കന്നഡ ഭാഷക്കു നൽകിക്കൊണ്ടിരിക്കുന്ന അമിത പ്രാധാന്യം എന്നീ നീക്കങ്ങളിലൂടെ പോരാട്ടം തീഷ്ണമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

രണ്ടു പാർട്ടികളിലും വേണ്ടുവോളമുള്ള ഗ്രൂപ്പിസവും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. യെദിയൂരപ്പക്കെതിരെയും, സിദ്ധരാമയ്യക്കെതിരെയും രണ്ട് പ്രധാന വിഭാഗങ്ങൾ പാർട്ടിക്കുള്ളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഒരു പരാജയം ഇവരെ പാർട്ടിയിൽ അനഭിമതരാക്കിമാറ്റുമെന്ന് രണ്ടു പേർക്കുമറിയാം.

ഇതേസമയം കറുത്ത കുതിരകളാകാനുള്ള തയ്യാറെടുപ്പോടെ, ഒരു തൂക്കു സഭ മുന്നിൽ കണ്ടാണ് ദേവഗൗഡയുടെ പുത്രൻ കുമാര സ്വാമി മുന്നിൽനിന്നു നയിക്കുന്ന ജെഡിഎസ് പോരാടുന്നത്. BSPയുമായി ഔദ്യോഗികമായും AIMlMമായി അനൗദ്യോഗികമായും സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ഇവർ 90 ഓളം സീറ്റുകളിൽ ശക്തമായ സാന്നിദ്ധ്യമാണ്. ഓൾഡ് മൈസൂരു പ്രദേശത്തെ 65 സീറ്റുകളിൽ ഭൂരിഭാഗത്തിലും ഇവരും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ്.

തെരഞ്ഞെടുപ്പിന്റെ കൂടുതൽ വിശകലനങ്ങൾ അടുത്ത ഭാഗങ്ങളിൽ..

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close