Special

ആരു നേടും ഉത്തര കന്നഡം ?

കന്നഡം കടക്കാൻ - സവ്യസാചി & ടീം

ഗുജറാത്ത് , ത്രിപുര തെരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെ ശ്രദ്ധേയരായ സവ്യസാചി & ടീമിന്റെ കർണാടക തെരഞ്ഞെടുപ്പ് വിശകലനം ജനം ടിവി ഓൺലൈനിൽ  പരമ്പരയായി പ്രസിദ്ധീകരിക്കുന്നു..
———————————————————————————————————————————————-
പ്രാദേശികമായി കർണ്ണാടകയെ വടക്കൻ കർണ്ണാടക (മുംബൈ – കർണ്ണാടക + ഹൈദരാബാദ് – കർണ്ണാടക), മധ്യ കർണ്ണാടക ( തീരദേശ കർണ്ണാടക കൂടി ഉൾപ്പെട്ടത്), തെക്കൻ കർണ്ണാടക (ബംഗളൂരു, ഓൾഡ് മൈസൂർ, കോളാർ പ്രദേശങ്ങൾ) എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്.

വടക്കൻ കർണ്ണാടക – 81 സീറ്റുകൾ (50+31)
മധ്യ കർണ്ണാടക – 54 സീറ്റുകൾ (31+23)
തെക്കൻ കർണ്ണാടക- 89 സീറ്റുകൾ (28+31+30)

എന്നിങ്ങനെയാണ് ആകെയുള്ള 224 സീറ്റുകളെ പ്രാദേശികമായി വിഭജിച്ചിട്ടുള്ളത്.

ഇതിൽ വടക്കൻ കർണ്ണാടകയിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. വടക്കൻ കർണ്ണാടകയെ പ്രാദേശികമായി 50 സീറ്റുകളുള്ള മുംബൈ- കർണ്ണാടക എന്നും, 31 സീറ്റുകളുള്ള ഹൈദരാബാദ് – കർണ്ണാടക എന്നുമായാണ് വേർതിരിച്ചിട്ടുള്ളത്.

2013 ൽ ഭരണവിരുദ്ധ തരംഗത്തെയും, ബിജെപിയിലെ ഭിന്നിപ്പിനെയും, KJP-BSRCP എന്നീ പാർട്ടികളുടെ സാന്നിധ്യത്തെയും പരമാവധി മുതലാക്കി ലിംഗായത്തുകൾക്ക് നിർണ്ണായക സ്വാധീനമുള്ള ഈ മേഖല ചതുഷ്ക്കോണ മത്സരത്തിൽ 30% ലിംഗായത്ത് വോട്ടുകൾ നേടി കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 81 സീറ്റുകളിൽ 50 എണ്ണവും കൈക്കലാക്കി കോൺഗ്രസ് ഈ മേഖലയിൽ മിന്നുന്ന പ്രകടനമാണ് നടത്തിയത്.

ഇത്തവണയും ആ രീതി തുടരുന്നതിനായെന്നോണം ലിംഗായത്ത് മതാഹ്വാനം പുറത്തിറക്കിയ സിദ്ധരാമയ്യക്ക് നേട്ടം നിലനിർത്താനാകുമെന്ന് ആദ്യം തോന്നിപ്പിച്ചെങ്കിലും അപകടം മണത്ത അമിത് ഷാ RSS ന്റെ സഹായത്താൽ സിദ്ധരാമയ്യയുടെ ഈ ശ്രമം ഹിന്ദുസമുദായത്തെ വിഭജിക്കാനും, ലിംഗായത്ത്- വീരശൈവ വിഭാഗങ്ങളെ പോരടിപ്പിക്കാനുമുള്ള കുത്സിത നീക്കമാണെന്ന മറു പ്രചരണം നടത്തുകയും അത് അടിത്തട്ടിലേക്കെത്തുന്നതുമായ കാഴ്ചയാണ് പിന്നീട് കാണാനായത്.

ഭരണഘടനാപരമായി ഇത് നിലനിൽക്കില്ലെന്ന് അധികം വൈകാതെ ഭൂരിപക്ഷ ലിംഗായത്തുകളും മനസ്സിലാക്കിത്തുടങ്ങിയതും ഞങ്ങൾക്ക് പലയിടത്തും ദൃശ്യമായി. മോദിയുടെ ഈ മേഖലയിലെ റാലികളിൽ കണ്ട വൻ ജനസഞ്ചയം ഇത് അടിവരയിടുന്നതാണ്. കഴിഞ്ഞ തവണ ഈ പ്രദേശത്തു നിന്ന് 17 സീറ്റുകൾ മാത്രം നേടാനായ ബിജെപി ഇത്തവണ മോദി-ഷാ-യോഗി-യെദിയൂരപ്പ-ശ്രീരാമലു കൂട്ടുകെട്ടിന്റെയും സർവ്വോപരി ആർ.എസ്.എസിന്റെയും സഹായത്തോടെ ഈ മേഖലയിൽ അതിശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

JDS താരതമ്യേന ദുർബ്ബലമായ ഈ മേഖലയിലെ 48 സീറ്റുകളിലും കോൺഗ്രസ് സിറ്റിങ്ങ് എംഎൽഎമാരെയാണ് നിർത്തിയിട്ടുള്ളത്. ഇതിലെ മിക്ക സീറ്റുകളിലും കോൺഗ്രസ് എംഎൽഎമാർക്കെതിരായ ഭരണവിരുദ്ധവികാരം പ്രകടമാണ്.കോൺഗ്രസിലും, ബിജെപിയിലും ഗ്രൂപ്പിസം പിടിമുറുക്കിയിട്ടുള്ള മേഖലകൂടിയാണെങ്കിൽ പോലും ബിജെപി ഇത്തവണ കൂടുതൽ ഒത്തൊരുമ പ്രകടിപ്പിക്കുന്നൊരു കാഴ്ചയും അനുഭവവേദ്യമാകുന്നുണ്ട്. ഇവിടത്തെ 11 മണ്ഡലങ്ങളിൽ കോൺഗ്രസ്സും, 6 മണ്ഡലങ്ങളിൽ ബിജെപിയും വിമതശല്യം നേരിടുന്നുണ്ട്.

ആർ.എസ്.എസ് ഇത്രയധികം ഇടപെടൽ നടത്തിയൊരു തിരഞ്ഞെടുപ്പ് അടുത്തകാലത്തുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. വടക്കൻ കർണ്ണാടകയിൽ ശക്തമായ വേരോട്ടമുള്ള സംഘം ഈ മേഖലയിൽ മാത്രം 70,000 ത്തോളം സ്വയംസേവകരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരിൽ പലരെയും ഞങ്ങളുടെ യാത്രകളിൽ കണ്ടുമുട്ടുകയുണ്ടായി. വീടുവീടാന്തരം കയറിയിറങ്ങിയുള്ള ശൈലി അതിന്റെ പൂർണ്ണ മികവോടെ നടപ്പിലാക്കുന്നുണ്ടവർ. സിദ്ധരാമയ്യയുടെ ഹിന്ദു വിരുദ്ധ നയങ്ങളാണ് സംഘത്തെ ഇത്രയധികം ചൊടിപ്പിച്ചതും അവരെ പ്രചരണരംഗത്ത് ഇവ്വിധം നിലയുറപ്പിക്കാൻ കാരണമാക്കിയതും.

നാം കരുതുന്ന അഴിമതിക്കേസിൽ ഉൾപ്പെട്ട യെദിയൂരപ്പയല്ല വടക്കൻ കർണ്ണാടകയിലെ യെദിയൂരപ്പ. ഈ മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവാണദ്ദേഹം. യെദിയൂരപ്പയെ മോദി റാലികളിൽ നിന്നൊഴിവാക്കിയെന്ന പ്രചരണം നടത്തുന്ന കോൺഗ്രസ് ഇദ്ദേഹം 2 നിയമസഭാ മണ്ഡലങ്ങളിൽ 1 എന്ന നിലയിൽ നടത്തുന്ന 105 റാലികളിൽ വന്നു ചേരുന്ന ജനസഞ്ചയത്തെ അൽപ്പം വൈകിയെങ്കിലും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ശരാശരി 12000 ത്തിലധികം പേരാണ് ഓരോ റാലികളിലും പങ്കെടുക്കുന്നത്. അതായത് ഒരു ലോക്സഭാ മണ്ഡലം വെച്ച് കണക്കാക്കുകയാണെങ്കിൽ 50,000 ത്തോളം പേരാണ് ഈ റാലികളിൽ പങ്കെടുക്കുന്നത്.

അതുപോലെ അധികം പേർ ശ്രദ്ധിക്കാത്തൊരു കാര്യമാണ് അമിത് ഷായുടെ റാലികൾ. ഇത്തവണ ഇദ്ദേഹം പ്രചാരണ രംഗത്ത് മുന്നിൽ നിന്ന് നയിക്കുകയാണ്. മോദി റാലികൾ ആരംഭിക്കുന്നതു വരെ ഷാ തന്നെയായിരുന്നു പ്രധാന ആകർഷണ കേന്ദ്രം. പടക്ക് മുന്നിലും, പിന്നിലും നിന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളുടെ ഭാഗമായുള്ള ഈ റാലികളും, യോഗിയുടേതടക്കമുള്ള ഈ പ്രദേശത്തെ മറ്റു റാലികളും വൻ വിജയമായിരുന്നു.

2013 ൽ വടക്കൻ കർണ്ണാടകയിലെ 25 മണ്ഡലങ്ങൾ BJPക്ക് നഷ്ടപ്പെട്ടത് KJP, BSRCP എന്നീ കക്ഷികളുടെ സാന്നിദ്ധ്യം ഒന്ന് കൊണ്ടു മാത്രമായിരുന്നു. ഈ മണ്ഡലങ്ങളിലൂടെയുള്ള ഞങ്ങളുടെ തുടർച്ചയായ യാത്രകളിലൂടെയും, സർവ്വെകളിലൂടെയും മനസ്സിലാക്കാനായത്, ഇത്തവണ ഇവിടത്തെ 34 മണ്ഡലങ്ങളിൽ (ഇതെഴുതുമ്പോഴുള്ള സ്ഥിതിവെച്ച്) BJP ക്ക് കോൺഗ്രസിനേക്കാൾ വ്യക്തമായ മുന്നേറ്റം നടത്താനും, മറ്റ് 14 മണ്ഡലങ്ങളിൽ മുൻതൂക്കം നേടിയെടുക്കാനുമായിട്ടുണ്ടെന്നതാണ്. മോദി റാലികളിലൂടെയും, മൈക്രോ ലെവൽ ബൂത്ത് മാനേജ്മെൻറിലൂടെയും, സംഘശക്തിയിലൂടെയും 2013ൽ കോൺഗ്രസ് നേടിയെടുത്ത 50 സീറ്റുകൾ എന്ന ‘സംഖ്യ’ നേടിയെടുക്കാനോ, മറികടക്കാനോ ബിജെപി ക്ക് കഴിഞ്ഞേക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്.

യോഗിയുടെ റാലികൾക്ക് ഇവിടെ മികച്ച പ്രതികരണമായിരുന്നു. ശൈവ ആരാധകരായ നാഥ് സമ്പ്രദായ ഉപാസകനും സന്ന്യാസിയുമായ ഇദ്ദേഹത്തിന് യുപിയിലേക്ക് അടിയന്തരമായി മടങ്ങേണ്ടി വന്നിരുന്നു. അവസാന തിയ്യതികളിൽ അദ്ദേഹം തിരിച്ചെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. ബിജെപിയുടെ അനൗദ്യോഗിക ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ശ്രീരാമലുവിന്റെ റാലികളും നല്ല ജനക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള അദ്ദേഹം ഓടിനടന്ന് റാലികൾ നടത്തുന്ന കാഴ്ചയാണ് കാണാനായത്. മൊളകൽ മുരുവിൽ റിബൽ ഭീഷണിയുണ്ടെങ്കിലും അനായാസ വിജയം പ്രതീക്ഷിക്കുന്ന ഇദ്ദേഹം ബദാമിയിൽ സിദ്ധരാമയ്യയെ വെള്ളം കുടിപ്പിക്കുന്നുണ്ട്. വടക്കൻ കർണ്ണാടകയിലെ ആദിവാസി മേഖലകളിൽ ഇദ്ദേഹത്തിന്റെ റാലികൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

അതേ സമയം രാഹുൽ-സിദ്ധരാമയ്യ സഖ്യത്തിന്റെ പ്രധാന പ്രശ്നം അവരുടെ പല എം.എൽ.എ മാരും നേരിടുന്ന ഭരണവിരുദ്ധ വികാരം തന്നെയാണ്. ഇവിടത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും അത് മറനീക്കി പുറത്തു വന്നിട്ടുണ്ട്.മോദി-ഷാ-യെദിയൂരപ്പ-ശ്രീരാമലു- മറ്റ് കേന്ദ്ര മന്ത്രിമാർ -BJP/NDA ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ – ഘടകകക്ഷി നേതാക്കൾ എന്നിവരുടെ റാലികൾ അവസാനിക്കുമ്പോഴേക്കും ബിജെപി ഈ മേഖലയിൽ  ശക്തമായ നിലയിലേക്കെത്തുമെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാനായത്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close