Special

മധ്യകർണ്ണാടക ആർക്കൊപ്പം?

കന്നഡം കടക്കാൻ - സവ്യസാചി & ടീം

ഗുജറാത്ത്, ത്രിപുര തെരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെ ശ്രദ്ധേയരായ സവ്യസാചി & ടീമിന്റെ കർണാടക തെരഞ്ഞെടുപ്പ് വിശകലനം ജനം ടിവി ഓൺലൈനിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു.

വടക്കൻ കർണ്ണാടകയിൽ നിന്നും മധ്യ കർണ്ണാടകയിലേക്ക് നീങ്ങുമ്പോൾ 31 മണ്ഡലങ്ങളുള്ള തീരദേശവും, 23 മണ്ഡലങ്ങളുള്ള മധ്യ മേഖലയുമാണ് നമുക്ക് കാണാനാകുന്നത്.

2013 ൽ ഈ 54 മണ്ഡലങ്ങളിൽ 36 എണ്ണത്തിലും വിജയക്കൊടി പാറിച്ചത് കോൺഗ്രസായിരുന്നു. പരമ്പരാഗതമായി BJP ക്ക് മികച്ച വേരോട്ടമുള്ള ഈ മേഖലയിൽ ഇത്തവണ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് പാർട്ടി.

കഴിഞ്ഞ തവണ വെറും 9 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന BJP അനുകൂല സാഹചര്യങ്ങളെ മുതലാക്കി മികച്ച മുന്നേറ്റം നടത്താനാകുമെന്ന വിശ്വാസത്തിലാണ്. മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണയോടെ ഇതിന് തടയിടാനാകുമെന്ന് കോൺഗ്രസ്സും കരുതുന്നു.

2013 ൽ KJP യും , BSRCP യും കൂടി ഈ പ്രദേശത്തു നിന്നും 4 സീറ്റുകൾ നേടിയിരുന്നു. ബെല്ലാരി മേഖലയിലെ 9 സീറ്റുകളിൽ 6 എണ്ണവും നേടിയെടുത്ത് കോൺഗ്രസ് BJP യെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്തു.

ഇത്തവണ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ മേഖലയിൽ നടന്ന സംഘപരിവാർ പ്രവർത്തകരുടെ കൊലപാതകങ്ങളും അതിനെത്തുടർന്ന് അവർ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുണ്ടാക്കിയ ഓളങ്ങളുമാണ്.

പരേഷ് മെസ്തിയുടെയും, രുദ്രേഷിന്റെയും മരണം സൃഷ്ടിച്ച അലയൊലികൾ ഇപ്പേഴുമിവിടങ്ങളിൽ അവസാനിച്ചിട്ടില്ല. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾക്ക് വേരോട്ടമുള്ള തീരദേശ മേഖലയിൽ അവരുടെ തേർവാഴ്ച്ചക്ക് സിദ്ധരാമയ്യ സർക്കാർ പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ് എന്ന വാദഗതി ഉയർത്തിയാണ് BJP യുടെ മുഖ്യ പ്രചാരണം.
അമിത് ഷാ തന്റെ റാലികൾ ആരംഭിച്ചതു തന്നെ ഈ മേഖലയിൽ നിന്നായിരുന്നു. മോദിയുടെ റാലിക്ക് വമ്പിച്ച ജനക്കൂട്ടവുമായിരുന്നു.

‘പോളറൈസേഷൻ’ ആഴത്തിലിറങ്ങിയ പ്രദേശമാണ് തീരദേശ കർണാടക. മിക്ക മണ്ഡലങ്ങളിലും മുസ്ലിം ജനസംഖ്യ (പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ) 20 മുതൽ 40% വരെയാണ്, സംസ്ഥാന ശരാശരി 13% വും. മുസ്ലിം തീവ്ര വിഭാഗങ്ങളും സംഘപരിവാർ സംഘടനകളുമായി സംഘർഷങ്ങളിവിടെ തുടർക്കഥയാണ്. ഇവിടങ്ങളിൽ നിന്നും ചിലർ ഐഎസുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെയും BJP പ്രചരണ വിഷയമാക്കുന്നുണ്ട്.

എന്നിരുന്നാലും അനുകൂല ഘടകങ്ങളെ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ തീരദേശ കർണ്ണാടകയിൽ BJPക്ക് ആയിട്ടില്ല എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കുവാനായത്.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപ്പിഴകളും, പാർട്ടിക്കകത്തെ ഗ്രൂപ്പിസവും കുംട, ഹലിയാൽ, കാർവാർ, മാംഗളൂർ സൗത്ത് എന്നീ മണ്ഡലങ്ങളിൽ പ്രകടമാണ്. RSS ന് ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലങ്ങളിൽ ഈ കാരണങ്ങളാൽ BJP യുടെ പ്രചരണത്തിൽ ഒരു മന്ദത അനുഭവപ്പെടുന്നുണ്ട്. സംഘത്തെ കൂടുതൽ സജീവമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് വിജയം കണ്ടില്ലെങ്കിൽ അത് ഈ മണ്ഡലങ്ങളിലെ പോളിങ്ങ് ശതമാനത്തെയും, സർവ്വോപരി വിജയത്തെ തന്നെയും ബാധിക്കുമെന്നുറപ്പ്. ഇവിടങ്ങളിൽ 2 ശക്തരായ റിബൽ സ്ഥാനാർത്ഥികളും BJP ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഇവിടത്തെ 31 മണ്ഡലങ്ങളിലും സംഘപരിവാറിന് ശക്തമായ സ്വാധീനമുണ്ടായിട്ടും 16 സീറ്റുകളിലേ BJP ക്ക് മുൻതൂക്കം നേടാനായിട്ടുള്ളൂ. അതേ സമയം കോൺഗ്രസ് ഇപ്പോഴത്തെ അവസ്ഥയിൽ 13 ഇടങ്ങളിൽ മുന്നിലാണ്. 2 മണ്ഡലങ്ങളിൽ JDS നും മുൻതൂക്കമുണ്ട്.

മോദിയുടെ റാലികൾ സൃഷ്ടിച്ച ഓളങ്ങൾ താഴേത്തട്ടിലേക്ക് ഇറങ്ങുകയും, പ്രശ്നങ്ങൾ മറന്ന് RSS ഉത്തര കന്നഡ ജില്ലയിൽ വോട്ടർമാരെ പോളിങ്ങ് ബൂത്തുകളിലെത്തിക്കുകയും ചെയ്താൽ 4-5 സീറ്റുകൾ കൂടുതൽ നേടാൻ BJP ക്കാകുമെന്നാണ് അനുമാനം.

എന്നാൽ മധ്യ കർണ്ണാടകയിൽ സ്ഥിതി വ്യത്യസ്തമാണ്. ബെല്ലാരി റെഡ്ഡി സഹോദരങ്ങളുടെയും ശ്രീരാമലുവിന്റെയും പിൻബലത്തിൽ, കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഈ മേഖല തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് BJP. ശ്രീരാമലുവിന്റെ റാലികളിൽ വൻ ജനക്കൂട്ടമാണ് ദൃശ്യമാകുന്നത്. ദൃശ്യമാകുന്നത്. റെഡ്ഡി സഹോദരങ്ങളുടെ സ്വാധീനം കൂടിയാകുമ്പോൾ ഈ മേഖലയിലെ 9 സീറ്റുകളിൽ ഏറ്റവും കുറഞ്ഞത് 6 സീറ്റുകളെങ്കിലും BJP യുടെ പോക്കറ്റിലാകാനാണ് സാധ്യത.

ഈ മേഖലയിലെ 23 സീറ്റുകളിൽ 14 എണ്ണത്തിൽ വ്യക്തമായ മുൻതൂക്കവും 3 എണ്ണത്തിൽ കോൺഗ്രസിനൊപ്പത്തിനൊപ്പവും നിൽക്കാൻ BJPക്കാകുന്നുണ്ട്.

വരും ദിനങ്ങളിൽ വിവിധ നേതാക്കളുടെ റാലികളും റോഡ് ഷോകളുമായി ഈ മേഖല നിറയും. മോദിയുടെ റാലികൾ പ്രവർത്തകരെ ആവേശഭരിതരാക്കുകയും അത് ‘വേലിപ്പുറത്തിരിക്കുന്ന’ വോട്ടുകളെ BJP പക്ഷത്തെത്തിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിലൂടെയുള്ള യാത്രകളിലൂടെയും, സർവ്വേകളിലൂടെയും അറിയാൻ കഴിഞ്ഞു.

കോൺഗ്രസും ശക്തമായ പ്രചരണമഴിച്ചുവിടുന്നുണ്ട്. SDPI തങ്ങളുടെ സ്ഥാനാർത്ഥികളെ 3 ഇടത്ത് മാത്രം നിർത്തി തീരദേശ മേഖലയിൽ കോൺഗ്രസിനെ പിന്തുണക്കുകയാണ്. എന്നാൽ കോൺഗ്രസ് സിറ്റിങ്ങ് എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം മിക്ക മണ്ഡലങ്ങളിലും പ്രകടമാണെന്നത് പാർട്ടിക്ക് തിരിച്ചടിയാണ്. BJP യുടെ രണ്ട് സിറ്റിങ്ങ് എംഎൽഎമാർക്കെതിരെയും ജനരോഷമുണ്ട്.

എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ മധ്യ-തീരദേശ കർണ്ണാടക കോൺഗ്രസിൽ നിന്നും BJPയിലേക്ക് ചായുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ചില മണ്ഡലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായാൽ BJPക്ക് 4 സീറ്റുകളെങ്കിലും വർദ്ധിപ്പിക്കാനുമാകും

823 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close