ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 182 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. എബി ഡിവില്ലിയേഴ്സിന്റെയും വിരാട് കൊഹ്ലിയുടേയും അര്‍ദ്ധ സെഞ്ചുറികളാണ് ടീമിന് ജയം ഒരുക്കിയത്.
18 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ പാര്‍ത്ഥിവ് പട്ടേലിനെയും മൊയിന്‍ അലിയേയും നഷ്ടമായ ബാംഗ്ലൂരിനെ വിരാട് കൊഹ്ലിയും ഡിവില്ലിയേഴ്സുമാണ് ജയത്തിലെത്തിച്ചത്. ഡിവില്ലിയേഴ്സ് 37 പന്തില്‍ 72 ഉം വിരാട് കൊഹ്ലി 40 പന്തില്‍ 70 ഉം റണ്‍സ് എടുത്തു. മന്ദീപ് സിംഗ് 13 ഉം സര്‍ഫ്രാസ് ഖാന് 11 ഉം റണ്‍സ് എടുത്ത് പുറത്തായി. ഡല്‍ഹിയ്ക്കായി അരങ്ങേറ്റം കുറിച്ച നേപ്പാള്‍ യുവ സ്പിന്നര്‍ സന്ദീപ് ലാമിച്ചെ 25 റണ്‍സ് വഴങ്ങി പാര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റെടുത്തു
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തുടക്കം പിഴക്കുകയായിരുന്നു. 16 റണ്‍സ് എടുക്കുന്നതിനിടെ പൃഥ്വി ഷായും ജേസണ്‍ റോയും പുറത്ത്. പിന്നീട് വന്ന ഋഷഭ് പന്തും ശ്രേയസ് അയ്യരും മികച്ച സ്കോര്‍ നേടി. 34 പന്തില്‍ 61 റണ്‍സാണ് ഋഷഭ് നേടിയത്. അഭിഷേക് ശര്‍മ 19 പന്തില്‍ 46 റണ്‍സ് നേടി.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 8 പോയിന്റുമായി ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.