തലവര മാറ്റാൻ ബ്രസീൽ ഇറങ്ങുന്നു. ലോകജേതാക്കളാകാൻ വേണ്ട ആയുധശേഖരങ്ങളുമായി. 2014 ലോകകപ്പ് സെമിയിൽ ബെലോ ഹോറിസോണ്ടയിൽ ജർമനിയോടേറ്റ തോൽവി കാനറികൾ മറന്നുകഴിഞ്ഞു. ഇത്തവണ ഏറ്റവും ആദ്യം യോഗ്യത നേടിയ ബ്രസീൽ ആറാം ലോകകിരീടം ലക്ഷ്യമിട്ടാണ് റഷ്യയിൽ എത്തുന്നത്.
മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേപോലെ ശക്തമായ നിര, ഇടത് വിങ്ങിൽ സൂപ്പർതാരം നെയ്മർ സ്ട്രൈക്കറായി ഗബ്രിയേൽ ജീസസോ, റോബർട്ടോ ഫിർമിനോയോ, നാലാം ഫോർവേഡായി ഡഗ്ലസ് കോസ്റ്റ, മധ്യനിരയിൽ പൗളിന്യോയ്‌ക്കും കുട്ടീന്യോയ്‌ക്കും ഒപ്പം കാസെമിറോയും ഫെർണാണ്ടിന്യോയും. തിയാഗോ സിൽവ നയിക്കുന്ന പ്രതിരോധവും ശക്തം. റൈറ്റ് ബാക്ക് ഡാനി ആൽവ്സിന് പരുക്കേറ്റത് ടീമിന് തിരിച്ചടിയാണ്.
കഴിഞ്ഞ ലോകകപ്പിൽ ഇറ്റലിയുടേയും ഇംഗ്ലണ്ടിന്റെയും വഴി മുടക്കിയ കൊസ്റ്റാറിക്ക ഇത്തവണയും അട്ടിമറിയ്‌ക്ക് കോപ്പുകൂട്ടുന്നത്. കരുത്തുറ്റ പ്രതിരോധമാണ് ടീമിന് പ്രതീക്ഷ നൽകുന്നത്. ഒപ്പം ഗോൾകീപ്പർ കെയ് ലർ നവാസും. കോസ്റ്റാറിക്ക രണ്ടും കൽപിച്ചാണ് റഷ്യൻ ലോകകപ്പിനിറങ്ങുന്നത് യുഗോസ്ലാവ്യൻ ഫുട്ബോൾ പാരമ്പ്യരത്തിന്റെ പിന്തുടർച്ചക്കാരായാണ് സെർബിയ ലോകകപ്പിനെത്തുന്നത്.
2010 ൽ വരവറിയിച്ച സെർബിയയ്‌ക്ക് ഇത്തവണ കരുത്താകുന്നത് നെമാഞ്ച മാറ്റിച്ച് അടക്കം യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്ന മികച്ച താരനിര തന്നെ.
അതിശക്തമായ പ്രതിരോധ നിരയുമായാണ് സ്വിറ്റ്സർലൻഡ് ഇറങ്ങുന്നത്. സ്റ്റോക് സിറ്റിയുടെ അറ്റാക്കിംഗ് മിഡ് ഫീൽഡറായ ഷെർദാൻ ഷാക്കിരിയാണ് ടീമിലെ സൂപ്പർ താരം. പ്രതിരോധ നിരയിൽ നായകൻ സ്റ്റീഫൻ ലിച്ചൻസ്റ്റെയ്നറും റിക്കാർഡോ റോഡ്രിഗസും അണിനിരക്കും.
ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ കാത്ത് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറിയാൽ രണ്ടാം സ്ഥാനത്തേക്ക് ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം.















