മുംബൈ: ഇന്‍റർ കോണ്ടിനെന്‍റൽ ഫുട്‍ബോൾ കിരീടം ഇന്ത്യയ്‌ക്ക്. കലാശപോരാട്ടത്തിൽ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ പകുതിയിൽ സുനിൽ ഛേത്രി നേടിയ ഇരട്ടഗോളാണ് ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചത്.
അന്താരാഷ്‌ട്ര ഫുട്ബോളിൽ 64 ഗോളുമായി ഛേത്രി ഗോൾവേട്ടയിൽ അർജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസിയ്‌ക്ക് ഒപ്പമെത്തി. ദേശീയ ടീമിന് വേണ്ടി നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ 81 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഛേത്രിയ്‌ക്ക് മുന്നിലുള്ളത്.
ടൂർണമെന്റിൽ ഉടനീളം മികച്ച ഫോം തുടർന്ന ഛേത്രി ഫൈനലിലും അത് തുടർന്നു. എട്ട്, ഇരുപത്തി ഒൻപത് മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഫൈനലിൽ രണ്ട് ഗോളുകൾ നേടിയതോടെ ടൂർണമെന്റിൽ ഛേത്രി 8 ഗോളുകൾ നേടി.
















